Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തി; വിദേശത്ത് കുടുങ്ങിയത് ലക്ഷത്തിലേറെ യാത്രക്കാര്‍

മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ വിതുമ്പുന്ന മൊണാര്‍ക് എയര്‍ലൈന്‍സിലെ കാബിന്‍ ക്രൂ കെലി ഹാള്‍. കെലിക്കടക്കം നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

ലണ്ടന്‍- ബ്രിട്ടീഷ് വിമാനക്കമ്പനിയായ മൊണാര്‍ക്ക് എയര്‍ലൈന്‍സ് തിങ്കളാഴ്ച പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ മുന്‍കൂട്ടി ടിക്കറ്റെടുത്ത് വിദേശത്തുള്ള ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ കുടുങ്ങി. ഇതോടെ ഈ യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള അടയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മൂന്ന് ലക്ഷത്തോളം ടിക്കറ്റുകളാണ് കമ്പനി പൂട്ടുന്നതിന്റെ ഭാഗമായി റദ്ദാക്കിയത്. വിവിധ വിദേശരാജ്യങ്ങളിലുള്ള 1,10,000 മൊണാര്‍ക്ക് യാത്രക്കാരെ തിരച്ചെത്തിക്കാന്‍ 30 വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ അതോറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനില്‍ പൂട്ടിപ്പോകുന്ന ഏറ്റവും വലിയ കമ്പനിയാണ് മൊണാര്‍ക്ക്. യൂറോപ്യന്‍ വിപണിയിലെ കടുത്ത മത്സരവും നഷ്ടവും താങ്ങാനാവാതെയാണ് കമ്പനിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. 'കുറച്ചു കാലമായി നഷ്ടത്തിലായിരുന്ന മൊണാര്‍ക്ക് യൂറോപ്പിലെ ഹ്രസ്വദൂര സെക്ടറുകളില്‍ കടുത്ത മത്സരം നേരിട്ടിരുന്നു. ഇതോടെ വര്‍ധിത ചെലവ് താങ്ങാന്‍ കഴിയാത്തതാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കിയത്,' കമ്പനി അഡ്മിനിസ്ട്രറ്ററും കെപിഎംഡി പങ്കാളിയുമായ ബ്ലെയര്‍ നിമ്മോ പറഞ്ഞു. 

യൂറോപ്യന്‍ മേഖലയിലെ വ്യോമയാന രംഗത്തെ കടുത്ത മത്സരം മൂലം പല കമ്പനികളും പരസ്പരം ലയിക്കുകയോ പുതിയ നിക്ഷേപകരേ തേടുകയോ ചെയ്തികൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ എയര്‍ ബെര്‍ലിന്‍, അലിറ്റാലിയ എന്നീ കമ്പനികള്‍ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

മൊണാര്‍ക്കിന്റെ തകര്‍ച്ച പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ അവര്‍ക്കു വായ്പ നല്‍കിയ ലോകത്തെ വലിയ വായ്പാ സ്ഥാപനങ്ങള്‍ക്കും തലവേദനയാകും. മൊണാര്‍ക്ക് വായ്പ എടുത്താണ് 36 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നത്. യൂറോപ്പിലെ മുന്‍നിരവിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ കമ്പനിയാണെങ്കിലും ആഗോള വിപണിയിലെ പ്രധാന കമ്പനികളായ എയര്‍ബസിന്റേയും ബോയിങിന്റേയും പ്രധാന ഉപഭോക്താവായിരുന്നു.

Latest News