ന്യൂദല്‍ഹി- സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കേരള പൊലീസും സൈബര്‍ ഡോമും സ്വീകരിച്ച നടപടികള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഏറ്റവും ഒടുവില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികളാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കേരളത്തിന്റെ നടപടികളെ മറ്റു സംസ്ഥാനങ്ങളും കണ്ടു പഠിക്കണമെന്നാണ് കേന്ദ്ര
ആഭ്യന്തര വകുപ്പിലെ ഉന്നതരും ചൂണ്ടിക്കാട്ടുന്നത്.
ഇന്റര്‍നെറ്റിന്റെ പുതിയ കാലത്ത് കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ശക്തമായ സംവിധാനമാണ് കേരള പോലീസിനുള്ളത്. സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം ഇതിനകം തന്നെ രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലടക്കം നിരവധി പുരസ്‌ക്കാരങ്ങളാണ് സൈബര്‍ ഡോമിനെ തേടി ഇതിനകം എത്തിയിരിക്കുന്നത്.
തന്ത്രശാലികളും 'വിദഗ്ദരുമായ' അനവധി സൈബര്‍ ക്രിമിനലുകളാണ് സൈബര്‍ ഡോമിന്റെ വലയിലിപ്പോള്‍ വീണുകൊണ്ടിരിക്കുന്നത്. അസാധ്യം എന്ന് പറയുന്നതിനെ സാധ്യമാക്കി കാണിക്കുന്നവരാണ് ടീം സൈബര്‍ ഡോം. ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ എ.ഡി.ജി.പി മനോജ് എബ്രഹാമാണ്.
ഈ കൊറോണക്കാലത്തും വിശ്രമമില്ലാതെയാണ് സൈബര്‍ ഡോം പ്രവര്‍ത്തിച്ചിരുന്നത്. ഈ ജാഗ്രതയാണ് ഒരിക്കലും പിടിക്കപ്പെടില്ലന്ന് കരുതിയവരെ പോലും വലയിലാക്കിയിരിക്കുന്നത്.
പല ഹണ്ടിനെ കുറിച്ചും നാം കേട്ടിട്ടുണ്ടാകും, എന്നാല്‍ ഓപ്പറേഷന്‍ പി. ഹണ്ട് ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കേരള പൊലീസിന്റെ സൈബര്‍ ഡോം കുറ്റവാളികള്‍ക്കായി ഒരുക്കിയ സൂപ്പര്‍ കെണിയാണിത്. ഒറ്റ ദിവസം കൊണ്ട് 47 പേരെയാണിപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത'. രജിസ്റ്റര്‍ ചെയ്ത കേസിന്റെ എണ്ണമാകട്ടെ 89 ആണ്.
കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനും പ്രതികരിച്ചതിനുമാണ് ഈ മിന്നല്‍ നടപടി. ഐപി വിലാസങ്ങളിലൂടെ കണ്ടെത്തിയ കേരളത്തിലെ 117 ഇടങ്ങളില്‍ ജൂണ്‍ 27ന് രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് റെയ്ഡ് നടത്തിയിരുന്നത്.ഇപ്പോള്‍ പിടിയിലായ 47 പേരില്‍നിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.