ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണിനിടെ ദല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനവുമായി
35 രാജ്യങ്ങളില്‍ നിന്നുള്ള 3,500 വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തിയതിനെ കുറിച്ച് കൂടുതല്‍ വിശദീകരണം തേടി സുപ്രീം കോടതി.
പൊതുവെ ഉത്തരവ് പുറപ്പെടുവിച്ചതാണോ ഓരോ കേസും പ്രത്യേകം പരിഗണിച്ചിട്ടുണ്ടോ എന്നുമാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തേയോട് ആരാഞ്ഞത്. കോടതിക്ക് മുന്നിലുള്ളത് ഒരു പത്രക്കുറിപ്പാണെന്നോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നോ ഉത്തരവുകള്‍ പാസാക്കിയെന്നോ കേസ് അടിസ്ഥാനത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്നോ ഇതില്‍ പറയുന്നില്ല. വ്യക്തിഗത ഉത്തരവുകളൊന്നും കാണുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ ജൂലൈ രണ്ടിനു വീണ്ടും വാദം കേള്‍ക്കും.
ഏപ്രില്‍ രണ്ടിന് കേന്ദ്രം കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് ഏഴ് മാസം ഗര്‍ഭിണിയായ ഒരു തായ് സ്വദേശിനി ഉള്‍പ്പെടെ നാല് റിട്ട് ഹരജികളാണ് സുപ്രീം കോടതിയിലുള്ളത്. ആദ്യം 960 വിദേശികളെയും പിന്നീട് 2500 വിദേശികളെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.