പാരിസ്- രണ്ട് വര്‍ഷത്തേക്ക് ഉല്‍പാദനം 40 ശതമാനം കുറയ്ക്കാനും ആയിരക്കണക്കിനു ജോലിക്കാരെ പിരിച്ചുവിടാനുമുള്ള തീരുമാനം എയര്‍ബസ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ് പുനഃസംഘടനക്കുള്ള അന്തിമ പദ്ധതി തയാറാക്കി വരികയാണ്.
കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തെ തുടര്‍ന്ന് തൊഴിലാളി യൂനിയനുകളുമായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ബുധനാഴ്ചയോടെ എക്കാലത്തെയും വലിയ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുന്നത്. ജൂലൈ അവസാനത്തോടെയാണ് ഇത് പൂര്‍ത്തിയാക്കുക.
550 കോടി യൂറോയുടെ ജെറ്റ് ബിസിനസില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 40 ശതമാനമാണ് ഇടിവുണ്ടായത്. 2008 ല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പണിമുടക്കിനും പ്രതിഷേധത്തിനും കാരണമായതിനാലാണ് മുന്‍കൂട്ടി തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്തിക്കൊണ്ട് നടപടികള്‍ നീക്കുന്നത്.