കൊണ്ടോട്ടി - കള്ളനോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡിന്റെ പിടിയിലായി. തമിഴ്നാട് ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷ് (24)ആണ് കൊണ്ടോട്ടി അങ്ങാടിയിൽ കള്ളനോട്ടുകളും കള്ളനോട്ട് നിർമ്മാണ ഉപകരണങ്ങളുമായി പിടിയിലായത്.
ലോക്ഡൗൺ സമയത്ത് ജോലിയില്ലാതായ പ്രതി യൂട്യൂബിൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് പഠിച്ചത്. തുടർന്ന് നിർമ്മാണത്തിനുള്ള കംപ്യൂട്ടറും സാമഗ്രികളും വാങ്ങി ജോലി ചെയ്തിരുന്ന മഞ്ചേരി കാരക്കുന്നിലെ ഹോട്ടലിന്റെ പുറകിലെ വീട്ടിൽ ഘടിപ്പിക്കുകയായിരുന്നു. ലോക്ഡൗൺമൂലം രണ്ട് മാസമായി ഇവിടെ ഹോട്ടൽ തൊഴിലാളികളില്ലാത്തത് നോട്ട് നിർമ്മാണത്തിന് അനുകൂലമായി. രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന പ്രതി പുലർച്ചെ നിർമ്മിച്ച നോട്ടുകളുമായി വിതരണത്തിന് പോവുകയായിരുന്നു പതിവ്. 200, 500 രൂപയുടെ നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. ചെലവായി പോകുവാൻ എളുപ്പമാവുമെന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് വിതരണം ചെയ്തിരുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള നോട്ടുകൾ നിർമ്മിച്ചിരുന്ന പ്രതിയെ കൂടുതൽ മേഖലയിൽ നോട്ടുകൾ വിതരണം നടക്കുന്നതിന് മുമ്പ് തന്നെ പിടികൂടാൻ പോലീസിന് കഴിഞ്ഞു.
വ്യാജ നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കംപ്യൂട്ടറും, നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും പ്രതി താമസിക്കുന്ന മഞ്ചേരി കാരക്കുന്നിലെ വീട്ടിൽനിന്നും കണ്ടെടുത്തു. പെട്രോൾ പമ്പുകൾ, ബാറുകൾ, പലചരക്ക് കടകൾ കേന്ദ്രീകരിച്ചാണ് നോട്ടുകൾ ചിലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചിലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളിൽനിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസന്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.