ലക്‌നൗ- റാംപൂര്‍ ജില്ലയില്‍ ഒരു ചെക്ക്‌പോസ്റ്റില്‍ ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഭന്‍വാര്‍ക ഗ്രാമത്തിലെ ചെക്ക്‌പോസ്റ്റിനു സമീപം മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ സബ് ഇന്‍സ്‌പെക്ടര്‍ തേജ്‌വീര്‍ സിങ് തന്ത്രപരമായി ചെക്ക്‌പോസ്റ്റ് പോലീസ് സ്റ്റേഷനകത്തേക്ക് കൊണ്ടു പോയത്. അകത്ത് നിന്നും കുട്ടിയുടെ നിളവിളികേട്ട് ഓടിയെത്തിയ ഗ്രാമീണര്‍ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവമറിഞ്ഞ് ഗ്രാമീണര്‍ ഒന്നടങ്കം സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായി ഇരച്ചെത്തി.
200-ഓളം വരുന്ന പ്രദേശവാസികള്‍ ചെക്ക്‌പോസ്റ്റ് ഉപരോധിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി വിപിന്‍ താഡ സംഭവസ്ഥലത്തെത്തി പ്രതിയായ പോലിസൂദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പിടിയിലായ പൊലീസുദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ തേജ് വീറിനെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തി കേസെടുത്തു ജയിലിലടച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.