ലാസ് വേഗാസ്- ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമെന്നറിയപ്പെടുന്ന അമേരിക്കയിലെ ലാസ് വേഗാസിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. മാൻഡലെ ബേ കാസിനോയിലാണ് ആക്രമണമുണ്ടായത്. ഇവിടേക്ക് തോക്കുമായെത്തിയ അക്രമി കണ്ണിൽ കണ്ടവരുടെ നേരെയെല്ലാം വെടിവെക്കുകയായിരുന്നു. കാസിനോയുടെ 32-ാം നിലയിലാണ് വെടിവെപ്പുണ്ടായത്. രണ്ടു പേരാണ് അക്രമണം നടത്തിയത്.
പരിക്കേറ്റവരിൽ പതിനാലു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അക്രമികളിൽ ഒരാളെ പോലീസ് വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്. കൂടുതൽ അക്രമികളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടരയോടെയാണ് അക്രമണമുണ്ടായത്. ഭയചകിതരായ ആളുകൾ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും എയർപോർട്ടുകളിലും തങ്ങുകയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ തുടർന്ന് ലാസ് വാഗസിലേക്കുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ലാസ് വാഗസിലെ നിരവധി ഹോട്ടലുകളിൽ വെള്ളിയാഴ്ച്ച മുതൽ സംഗീതോത്സവം നടന്നുവരികയാണ്.