മുംബൈ- മുംബൈയിലും ഇലക്ട്രിക് ബില്‍ തുക ഉയരുന്നു. പല ഉപഭോക്താക്കള്‍ക്കും വലിയ തുകയാണ് ഇലക്ട്രിക് ബില്ലായി വരുന്നത്. ഉയര്‍ന്ന ഈ ബില്ലിനെതിരെ ബോളിവുഡ് താരങ്ങളായ തപ്‌സി പന്നുവും രേണുക ഷാനെയും പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് മാസത്തെ ലോക്ഡൗണില്‍ ഏത് ഉപകരണമാണ് പുതിയതായി ഉപയോഗിച്ചതെന്ന് അദ്ഭുതപ്പെടുകയാണ്. അത്രയും ഉയര്‍ന്ന തുകയാണ് വൈദ്യുതി ബില്ലായി വന്നതെന്ന് തപ്‌സി പന്നു ട്വിറ്ററില്‍ കുറിച്ചു. ഇതിനൊപ്പം മൂന്ന് ബില്ലുകളുടെ ചിത്രവും തപ്‌സി പന്നു പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ മാസത്തെ 36,000 രൂപയുടെ ബില്ലും ഏപ്രില്‍, മെയ് മാസങ്ങളില്‍ യഥാക്രമം 4390, 3850 രൂപയുടെ ബില്ലുകളുമാണ് ലഭിച്ചതെന്നും തപ്‌സി പന്നു ട്വിറ്ററില്‍ കുറിച്ചു.
ഇതിന് സമാനമായി രേണുക ഷാനെയും വൈദ്യുതി ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മെയില്‍ 5,510 രൂപയുടെ ബില്ലും മെയ് ജൂണ്‍ മാസങ്ങള്‍ക്കായി 29,700 രൂപയുടെ ബില്ലുമാണ് ലഭിച്ചതെന്ന് രേണുക പറഞ്ഞു. നേരത്തെ തുഷാര്‍ ഗാന്ധിയും ബില്ല് ഉയര്‍ന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 3500 രൂപ മാത്രം ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 13,580 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച വൈദ്യുതി മീറ്റര്‍ റീഡിങ് ജൂണിലാണ് പുനഃരാരംഭിച്ചതെന്ന് മുംബൈയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ അറിയിച്ചു. വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുതലായിരിക്കുമെന്നും അദാനി പവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതില്‍ ബില്‍ തുക കണക്കാക്കിയതില്‍ പിഴവില്ലെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് പറഞ്ഞു.