കൊച്ചി- കൊച്ചിയിലെ ബ്ലാക് മെയില്‍ കേസില്‍ നടന് ധര്‍മജന്റെ മൊഴിയെടുക്കുമെന്ന് പോലിസ്. താരത്തിനോട് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്കി. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയത് അടക്കമുള്ള കേസുകളിലെ പ്രതികള്‍ സ്വര്‍ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ധര്‍മജന്റെ മൊഴിയെടുക്കുന്നതെന്നാണ് വിവരം.
ഇന്ന് തന്നെ കമ്മീഷണര്‍ ഓഫീസില്‍ താരം ഹാജരാകുമെന്നാണ് അറിയുന്നത്. കേസില്‍ പ്രധാനപ്രതിയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ഹാരിസ് ഇന്ന് അറസ്റ്റിലായിരുന്നു.തൃശൂര്‍ സ്വദേശിയായ ഇയാള്‍ക്ക് സിനിമാ താരങ്ങളുമായി ബന്ധമുണ്ട്.ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നാലു താരങ്ങളോട് പോലിസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും ഇന്ന് പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചിരുന്നു.
ഹാരിസിനെ പോലിസ് ചോദ്യം ചെയ്യുകയാണ്.അതേസമയം ഈ കേസില്‍ പിടിയിലാകാനുള്ള മൂന്ന് പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.