ബംഗളൂരു- ആശുറാ ദിനത്തോടനുബന്ധിച്ച് 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപഴുത്ത കല്‍ക്കരി കനലുകള്‍ക്കു മുകളില്‍ കിടത്തി വിചിത്ര ആചാരം. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ അല്ലാപൂരിലാണ് മുഹറം മാസത്തിലെ ആശുറാ ദിനത്തില്‍ ഞെട്ടിപ്പിക്കുന്ന സഭവമുണ്ടായത്. വാഴയിലയില്‍ പൊതിഞ്ഞ് കുട്ടിയെ ഒരാള്‍ നിലത്തു വിരിച്ച ചൂടേറിയ കല്‍ക്കരി കനലുകള്‍ക്കു മുകളില്‍ കിടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ചൂടും പുകയുമേറ്റ് കുഞ്ഞ് നിലവിളിക്കുന്ന വീഡിയോ ദൃശ്യവും പ്രചരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 'രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞിനുവേണ്ടി നേര്‍ന്ന നേര്‍ച്ചയായിരുന്നു ഈ സംഭവം. അവരുടെ ആഗ്രഹം സാധിച്ചതോടെയാണ് ഇതു ചെയ്തത്. വാഴ ഇല ഉപയോഗിച്ചിരുന്നു. കനല്‍ നേരിയ ചൂടെ ഉണ്ടായിരുന്നുള്ളു. ഏതാനും നിമിഷങ്ങള്‍ മാത്രമെ കുഞ്ഞിനെ ചൂടില്‍ കിടത്തിയിട്ടുള്ളൂ,' പോലീസ് പറയുന്നു.
പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം നല്‍കിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ അന്ധവിശ്വാസാചരങ്ങള്‍ തടയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടു വരാനിരിക്കുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അനുമതി നല്‍കിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അതിനിടെയാണ് ഈ സംഭവം പുറത്തു വന്നിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ നിയമം അവതരിപ്പിക്കും. അഗ്നിനടത്തം, കൂടോത്രം, പൈശാചിക ചികിത്സ തുടങ്ങിയ എല്ലാ ആചാരങ്ങളും ഈ നിയമം വിലക്കുന്നുണ്ട്.