Sorry, you need to enable JavaScript to visit this website.

ഹിത പരിശോധനയില്‍ വിജയമെന്ന് കാറ്റലോണിയക്കാര്‍; പോലീസിനെ ഇറക്കി സ്‌പെയിന്‍

ബാഴ്സലോണ- സ്‌പെയിനില്‍നിന്ന് വിമോചനം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ നടന്ന വിവാദ ഹിതപരിശോധന സംഘര്‍ഷത്തില്‍ കലാശിച്ചു. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ മേഖലയായ കാറ്റലോണിയയില്‍ ഞായറാഴ്ച നടന്ന ഹിത പരിശോധനയില്‍ ഭൂരിപക്ഷം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. സ്പാനിഷ് പോലീസ് പരുഷമായാണ് വോട്ടു ചെയ്യാനെത്തിയ കാറ്റലോണിയക്കാരെ പലയിടത്തും നേരിട്ടത്. സംഘര്‍ഷത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 
 
അതേസമയം, 90 ശതമാനം കാറ്റലോണിയക്കാരും സ്‌പെയിനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ അനുകൂലിച്ചാണ് വോട്ടു ചെയ്തതെന്ന് കാറ്റലോണിയ സര്‍ക്കാര്‍ പറയുന്നു. 2,02,0144 വോട്ടുകള്‍ കാറ്റലോണിയയെ പിന്തുണച്ചപ്പോള്‍ 1,76,566 പേരാണ് സ്‌പെയ്‌നിനെ പിന്തുണച്ച് വോട്ടു ചെയ്തത്. വോട്ടെടുപ്പ് നടക്കുന്നതിനിടെ കാറ്റലോണിയന്‍ നേതാവ് കാര്‍ലെസ് പുയിഗ്‌മൊന്ത് കാറ്റലോണിയ സ്വാതന്ത്ര്യത്തിന് അവകാശം നേടിയെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. സ്‌പെയിനില്‍ നിന്നും തങ്ങളുടെ മേഖലയെ സ്വതന്ത്ര്യമാക്കാന്‍ യൂറോപ്പിന്റെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. ബലമായി നടത്തിയ ഹിത പരിശോധനയ്ക്കു ശേഷം ബാഴ്സലോണയില്‍ രാത്രി വൈകി കാറ്റലോണിയ അനൂകൂലികള്‍ പടുകൂറ്റന്‍ റാലിയും നടത്തി. 
 
സ്‌പെയിന്‍ സര്‍ക്കാര്‍ എതിര്‍ക്കുകയും ഭരണഘടനാ കോടതി വിലക്കുകയും ചെയ്ത ഹിത പരിശോധന വിജയം കാണില്ലെന്നാണ് സൂചന. കാറ്റലോണിയ അനൂകൂലികള്‍ ബലംപ്രയോഗിച്ച നടത്തിയ ഹിത പരിശോധനയെ സ്‌പെയിന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്. കാറ്റലോണിയക്കാര്‍ സ്വന്തമായി തയാറാക്കിയ പോളിങ് ബൂത്തുകളില്‍ തന്നെയാണ് അവര്‍ കൂട്ടമായെത്തി വോട്ടു ചെയ്തത്.  ഈ ശ്രമം പോലീസ് തടഞ്ഞോടെ മിക്കയിടത്തും കാറ്റിലോണിയക്കാരും പോലീസും തമ്മില്‍ രൂക്ഷമായ സംഘര്‍ത്തിനിടയാക്കി. 
 
നിയമവിരുദ്ധ ഹിതപരിശോധനയ്ക്കു ശേഷവും കാറ്റലോണിയയുടെ സ്വാതന്ത്ര്യമെന്ന് സ്വപ്‌നം അവ്യക്തമായി തന്നെ തുടരുകയാണ്. ഈ സംഭവം സ്‌പെയ്‌നിനേയും മേഖലേയും രണ്ടു ചേരികളാക്കിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കാറ്റലോണിയയിലേ ഭൂരിപക്ഷം പേരും വോട്ടു ചെയ്തിട്ടില്ലെന്നും ഇത് ശരിയായ സ്വാന്ത്ര്യ വോട്ടെടുപ്പായിരുന്നില്ലന്നെും സ്പാനിഷ് പ്രധാമന്ത്രി മരിയാനോ റഹോയ് വ്യക്തമാക്കി.
 
സ്‌പെയ്‌നിലെ വാണിജ്യ തലസ്ഥാനവും തുറമുഖനഗരവുമായ ബാര്‍സിലോനയെ തലസ്ഥാനമാക്കി പുതിയ കാറ്റലോണിയ രാജ്യം വേണമെന്നാണ് ഈ മേഖയില്‍ നിന്നുള്ള വിഘടനവാദികളുടെ ആവശ്യം. സ്‌പെയിനിന്റെ സുപ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറ്റലോണിയ മേഖല. സ്‌പെയിനിലെ വിദേശനിക്ഷേപത്തിന്റെ നല്ലൊരു പങ്കും ഈ മേഖലയിലാണ്. കാറ്റലോണിയ വിഘടിച്ചു പോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ എന്തു വിലനല്‍കിയും വിഘടനവാദത്തെ എതിര്‍ക്കാനാണ് സ്‌പെയിന്‍ സര്‍ക്കാരിന്റെ ശ്രമം.
 

Latest News