Sorry, you need to enable JavaScript to visit this website.

സിനിമാശാലകൾ വീണ്ടും തളിർക്കുന്നു

മലയാള ചലച്ചിത്ര പ്രേമികൾക്ക് ആവേശമായി പുത്തൻ ചിത്രങ്ങൾ നാളെ മുതൽ തീയേറ്ററുകളിൽ. നീണ്ട സമരത്തിന് ശേഷം ആദ്യം റിലീസ് ആവുന്നത് ദുൽക്കർ സൽമാൻ നായകൻ  ആവുന്ന ജോമോന്റെ സുവിശേഷങ്ങൾ. ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ നടന്ന ഒരു യുവാവിന് തിരിച്ചറിവുണ്ടാകുന്ന കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ സത്യൻ അന്തിക്കാട് പ്രേക്ഷകരിലെത്തിക്കുന്നത്. തൃശൂര്‍, തിരുപ്പൂര്‍, തഞ്ചാവൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മുകേഷ്, ഇന്നസെന്‍റ്, ഇര്‍ഷാദ്, വിനു മോഹന്‍, ശിവജി ഗുരുവായൂര്‍, അനുപമ പരമേശ്വരന്‍, മുത്തുമണി, വിനോദ് കെടാമംഗലം, വീണാ നായര്‍, അശ്വിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ. 
തുടർന്നു വെള്ളിയാഴ്ച മോഹൻലാൽ നായകനാകുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തീയേറ്ററുകളിൽ   എത്തും. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്. വി ജെ ജെയിംസിന്റെ പ്രണയോപനിഷദ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മീന നായികയാകുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നെടുമുടി വേണു, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിന്ധുരാജ് ആണ് തിരക്കഥ.
 ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന  ചിത്രമായ ഫുക്രിയുടെ റിലീസ് ജനുവരി 26നു ആണ്. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ്  നിര്‍മിക്കുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ജയസൂര്യ എത്തുക.
അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലാതെ ആത്മ സംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുന്ന ‘ക്ലെപ്‌റ്റോമാനിയാക്’ എന്ന വിചിത്ര മാനസികാവസ്ഥയിലുള്ള ആളാണ് ലക്കി. മോഷ്ടിക്കുന്ന സാധനം വൈകിയാണെങ്കിലും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കും. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമാണ് ലക്കി. മമ്മൂട്ടി നായകനായി എത്തിയ ഭാസ്കർ ദ് റാസ്കലിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി.
 എ ക്ലാസ് റിലീസ് സ്റ്റേഷനുകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ വൻ പിളർപ്പിൽ നിൽക്കുന്ന സാഹചര്യത്തിൽ ആണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. എ ക്ലാസ് റിലീസ് സ്റ്റേഷനുകളുടെ സംഘടനയിൽ നിലവിൽ നൂറ്റി അറുപതോളം അംഗങ്ങളാണുള്ളത്. കളക്ഷന്റെ അൻപത് അനുപാതത്തിൽ തങ്ങൾക്കുള്ള വിഹിതം പുനർനിശ്ചയിക്കണമെന്ന ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പിടിവാശിമൂലം ക്രിസ്മസ് റിലീസുകളായി തിയേറ്ററിലെത്തേണ്ടിയിരുന്ന  സിനിമകളാണ് 4 ഇപ്പോൾ തീയേറ്ററുകളിൽ എത്തുന്നത്. സമരകാലത്ത് തന്നെ പൃഥ്വിരാജ് ചിത്രമായ എസ്ര റിലീസ് ചെയ്യാൻ സന്നദ്ധമാണെന്ന് വിതരണക്കാരനും നിർമ്മാതാവുമായ മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു. എസ്ര സീനിയോരിട്ടി പ്രകാരംഇനി നാലാമതാണ്. ഫെബ്രുവരി 10നു ആണ് എസ്രയുടെ റിലീസ്. പൃഥിരാജ് നായകനായി എത്തുന്ന ഹൊറർ ത്രില്ലർ എസ്ര നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാർത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോൾ പള്ളീലച്ചനെ കൊണ്ട് വെഞ്ചരപ്പിച്ചതിന് ശേഷമാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.
 ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര. വെള്ളിനക്ഷത്രം, അനന്തഭദ്രം തുടങ്ങിയ ഹൊറര്‍ ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എസ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ്, ശ്രീലങ്ക, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബിയും ഫെബ്രുവരി 10നു  പ്രദര്‍ശനത്തിനെത്തും. ഇടവേളയ്ക്കുശേഷമാണ് വിനീത് പ്രധാന വേഷത്തിലെത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വക്കീല്‍വേഷത്തിലെത്തിയ ശ്രീകാന്ത് മുരളിയാണ് സംവിധാനം. 
വൈകല്യങ്ങളെ അതിജീവിച്ച് വിമാനം നിര്‍മിക്കണമെന്ന തീവ്രമായ ആശയുമായി നടക്കുന്ന വ്യത്യസ്തനായ കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും പ്രധാന വേഷത്തിലുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

Latest News