Sorry, you need to enable JavaScript to visit this website.

വിശപ്പിനെക്കാള്‍ നല്ലത് കൊറോണ; തൊഴിലാളികള്‍ വീണ്ടും ട്രെയിന്‍ കയറുന്നു

ലഖ്‌നൗ- രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുകയാണെങ്കിലും ലോക്ഡൗണ്‍ സമയത്ത് നാടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ജോലി തേടി വീണ്ടും ട്രെയിന്‍ കയറുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെ തുടര്‍ന്ന്  30 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയത്. ഇവരില്‍ പലരും വീണ്ടും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കുമടക്കം ട്രെയിന്‍ കയറുന്നതിനായി ഗോരഖ്പൂരിലേക്ക് പോകുന്ന തൊഴിലാളികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസിലാണ് തൊഴിലാളികളായ ദിവാകര്‍ പ്രസാദും ഖുര്‍ഷിദ് അന്‍സാരിയും 50 കി.മീ അകലെയുള്ള ഗോരഖ്പൂരിലെ റെയില്‍വേ ജംഗ്ഷനിലേക്ക് പോയത്.
 
താന്‍ ജോലി ചെയ്തിരുന്ന വലിയ ടൈലറിംഗ് യൂണിറ്റ് അടച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നും അത് ഇപ്പോഴും അടച്ചിരിക്കുകയാണെന്നും ഒരു മാസം മുമ്പ് നാട്ടിലെത്തിയ മുംബൈയിലെ ഫാക്ടറി തൊഴിലാളി ഖുര്‍ഷിദ് പറഞ്ഞു.

യു.പിയില്‍ തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും പോകില്ല. കമ്പനി ഇതുവരെ തുറന്നിട്ടില്ലെങ്കിലും മുംബൈയിലെത്തിയാല്‍ എന്തെങ്കിലും ജോലി കണ്ടെത്താന്‍ കഴിയുമെന്നും  വിശപ്പിനെക്കാള്‍ നല്ലത് കൊറോണ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ വിശന്നു മരിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ വൈറസ് തന്നെ- ബസില്‍ കയറുന്നതിന് മുമ്പ് അന്‍സാരി പറഞ്ഞു.

കൊല്‍ക്കത്തയിലെ ഒരു സ്ഥാപനത്തില്‍ ടെക്‌നീഷ്യനായ പ്രസാദ് ഹോളിക്കാണ് വീട്ടിലെത്തിയെങ്കിലും ലോക്ഡൗണ്‍ കാരണം യു.പിയില്‍ കുടുങ്ങി. സ്ഥാപനം വീണ്ടും തുറന്നിട്ടുണ്ടെന്നും  അഞ്ച് മക്കളും ഭാര്യയെയും ഉള്‍ക്കൊള്ളുന്ന കുടുംബത്തെ സംരക്ഷിക്കേണ്ടതിനാല്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോകാന്‍ പേടിയുണ്ടെങ്കിലും ഇവിടെ താമസിക്കാനും ഭയമാണ്. പോകാതെ  എങ്ങനെ കുടുംബത്തെ പോറ്റും-  പ്രസാദ് ചോദിച്ചു.

സംസ്ഥാനത്ത് തന്നെ ജോലി നല്‍കാമെന്ന് യു.പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍നിന്ന് ദിവാകര്‍ പ്രസാദിനേയും ഖുര്‍ഷീദ് അന്‍സാരിയേയും പോലെ പലരും  മറ്റു സംസ്ഥാനങ്ങളിലേക്ക്  തിരിച്ചുപോകാന്‍ ശ്രമിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ തൊഴിലുറപ്പ് പദ്ധതിക്ക്  കീഴില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണെന്നും ചെറുകിട വ്യവസായങ്ങളില്‍ 60 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളൊന്നും ഇവിടെ എത്തിയിട്ടില്ലെന്നും മുംബൈയിലേക്ക് മടങ്ങുകയാണെന്നും കിഴക്കന്‍ യു.പിയിലെ ഏറ്റവും പിന്നോക്ക ജില്ലയായ സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശിയായ എ.സി ടെക്‌നീഷ്യന്‍ മുഹമ്മദ് ആബിദ്  പറയുന്നു. ഇവിടെ ആരോടും ചോദിച്ചാലും പണിയില്ല എന്നേ പറയൂ. കാരണം സര്‍ക്കാര്‍ പദ്ധതികളൊന്നും ഇവിടെ ജനങ്ങളില്‍ എത്തിയിട്ടില്ല. നാട്ടില്‍ ജോലി ലഭിച്ചാലും മുംബൈയില്‍ ലഭിക്കുന്നത്ര വേതനം ലഭിക്കില്ലെന്നും ആബിദ് പറഞ്ഞു.
 
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ മൂന്നുമാസം വീട്ടില്‍ ചെലവഴിച്ച രാജേഷ് കുമാര്‍ വര്‍മ്മ  ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരികെ പോകുകയാണ്. അവിടെ വാടകയ്ക്ക് നടത്തിയിരുന്ന പലചരക്ക് കട വീണ്ടും തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ റേഷന്‍ നല്‍കുന്നുണ്ടെങ്കിലും മറ്റ് ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അദ്ദേഹം ചോദിക്കുന്നു.  തൊഴിലുറപ്പ് പദ്ധതിയായ എംഎന്‍ആര്‍ജിഎയുടെ കീഴിലല്ലാതെ ഇവിടെ ഒരു ജോലിയുമില്ലെന്നും അഹമ്മദാബാദില്‍  കടയുടെ വാടക  വാടക നല്‍കണമെങ്കില്‍ പോകാതെ നിര്‍വാഹമില്ലെന്നും വര്‍മ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ തിരിച്ചെത്തിയ  ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ തുടരുകയാണെങ്കിലും അപകട സാധ്യത അവഗണിച്ച് ഇതര സംസ്ഥാനങ്ങളില്‍ ലഭ്യമായ ജോലികളിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

 

Latest News