ജറൂസലം- അഴിമതിക്കാരനായ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. പ്രധാനമന്ത്രിയുടെ ജറൂസലം വസതിക്കു മുന്നിലായിരുന്നു പ്രകടനം.
കുറ്റാരോപണത്തിനിടയിലും പ്രധാനമന്ത്രിയായി നെതന്യാഹു തുടരുന്നതിനെതിരെയാണ് ബഹുജന പ്രതിഷേധം. വെള്ളിയാഴ്ച ചെറിയ റാലി നടത്തിയ ഏഴ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തതാണ് ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ കൂടുതല്‍ പേര്‍ അണിനിരക്കാന്‍ കാരണം. നെതന്യാഹുവിനെ ക്രൈം മിനിസ്റ്റര്‍' എന്ന് വിശേഷിപ്പിക്കുന്ന ബാനറുകളാണ് പ്രകടനക്കാര്‍ ഉയര്‍ത്തിയത്.
വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത ഏഴു പേരില്‍ മുന്‍ ഇസ്രായേലി വ്യോമസേനാ ജനറലും ഉണ്ടായിരുന്നു. നിയമ വിരുദ്ധമായി പ്രകടനം നടത്തിയവര്‍ റോഡ് തടഞ്ഞതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് ഇസ്രായില്‍ പോലീസ് അവകാശപ്പെടുന്നു. ജാമ്യ നിബന്ധനകള്‍ നിരസിച്ചതിനാലും ശനിയാഴ്ചത്തെ പ്രകടനത്തില്‍ പങ്കെടുമെന്ന് പ്രഖ്യാപിച്ചതിനാലും
വിരമിച്ച ബ്രിഗേഡ് ജനറല്‍ അമിര്‍ ഹസ്‌കല്‍ ഉള്‍പ്പെടെ മൂന്ന് പ്രതിഷേധക്കാര്‍ പോലസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി നെതന്യാഹുവിന്റെ വിചാരണ കഴിഞ്ഞ മാസം ജറൂസലം കോടതിയില്‍ ആരംഭിച്ചിരുന്നുവെങ്കിലും നിര്‍ത്തിവെച്ചിരിക്കയാണ്. അടുത്ത മാസം ഇത് പുനരാരംഭിക്കും.
ഒരു വര്‍ഷം നീണ്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ച് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് അധികാരമേറ്റത്. എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സുമായി അധികാര പങ്കാളിത്ത കരറില്‍ എത്തിയതിനെ തുടര്‍ന്നാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിച്ചത്. ബെന്നി ഗ്രാന്റ്‌സാണ് പ്രതിരോധ മന്ത്രി.
18 മാസത്തിനുശേഷം പദവികള്‍ മാറാന്‍ ഇരുവരും സമ്മതിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അധികകാലം മുന്നോട്ടു പോകുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല.