മലപ്പുറം- കോവിഡ് ഭീതിക്കിടെ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ ആഘോഷത്തോടെ വരവേൽപ്പ്. ഗൾഫിൽ നിന്നെത്തുന്നവരെ കോവിഡ് ആശങ്കയുടെ പേരിൽ ഒറ്റപ്പെടുത്തുന്ന പ്രവണത വളരുന്നതിനിടെയാണ് മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ അഞ്ചച്ചവിടിയിൽ നാട്ടുകാർ പ്രവാസികളെ ആഘോഷപൂർവ്വം വരവേറ്റത്. യു.എ.ഇ യിൽനിന്ന് എത്തിയ രണ്ടുപേരേയും സൗദിയിൽനിന്നെത്തിയ ഒരാളെയുമാണ് അഞ്ചച്ചവിടിയിലെ നാട്ടുകാരുടെകൂട്ടായ്മ വരവേറ്റ് ക്വാറന്റയിൻ കേന്ദ്രത്തിലെത്തിച്ചത്. പാട്ടുപാടിയും സ്വാഗതം പറഞ്ഞു പ്രവാസികളെ സന്തോഷിപ്പിച്ചായിരുന്നു വരവേൽപ്പ്. കാളികാവിലെ വ്യവസായ പ്രമുഖനായ എറമ്പത്ത് കരീം തന്റെ കെട്ടിടം പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാനായി വിട്ടു നൽകുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാരായ കെ.ടി. കുഞ്ഞാപ്പഹാജി, കെ.ടി.റഷീദ്, അബ്ദുറഹിമാൻ അഞ്ചച്ചവിടി, സമീർ.പി.,നംഷാദ്, സഹീർ, ഇ.പി.ഗഫൂർ, പി.പി.സുൽഫി, പി.വി.മജീദ്,എൻ.റിയാസ് എന്നിവരുടെയും എയർപോർട്ടിൽനിന്നും പ്രവാസികളെ എത്തിച്ച ഡ്രൈവറായി കെ.ടി.ഹാരിസ് ബാബുവിന്റെയും നേതൃത്വത്തിലാണ് വരവേൽപ്പ് ഒരുക്കിയത്.