ന്യൂദല്‍ഹി-പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയിലെ നാല് പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനായി താല്‍പ്പര്യം പ്രകടിപ്പിച്ച് 32 കമ്പനികള്‍.
നാഗ്പുര്‍, ഗ്വാളിയോര്‍, അമൃത് സര്‍, സബര്‍മതി സ്‌റ്റേഷനുകളാണ് പിപിപി മാതൃകയില്‍ നവീകരിക്കുന്നത്. നാലുസ്‌റ്റേഷനുകളിലായി 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച സ്വകാര്യ പങ്കാളിത്തം തേടിയത്.
ജിഎംആര്‍ കല്പതരു, ഐഎസ്‌ക്യു ക്യാപിറ്റല്‍, ഫെയര്‍ഫാക്‌സ്, ജെകെബി മോണ്ടെ കാര്‍ലോ, ജിആര്‍ ഇന്‍ഫ്ര, കല്യാണ്‍ ടോള്‍, ക്യൂബ് കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയ കമ്പനികളാണ് പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്.നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതോടെ റെയില്‍വേ സ്‌റ്റേഷനുകളുടെ മുഖച്ഛായമാറുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള പലസ്ഥലങ്ങളും സ്വകാര്യകമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കും. കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കും. പാര്‍ക്കിങ് സ്ഥലം തുടങ്ങിയവയെല്ലാം ഈ കമ്പനികളുടെ നിയന്ത്രണത്തിലാകും.ഒരു ലക്ഷംകോടി രൂപമുടക്കി രാജ്യത്തെ 400 റെയില്‍വേ സ്‌റ്റേഷനുകളാണ് സ്വകാര്യപൊതു പങ്കാളിത്തത്തോടെ നവീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ലോക ബാങ്കിന്റെ ഫണ്ടിനോടൊപ്പം സ്വകാര്യ പങ്കാളത്തത്തോടൊപ്പവുമായിരിക്കും പദ്ധതി നടപ്പാക്കുക.