സന്ദേശ്വര കള്ളപ്പണക്കേസ്; കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ ചോദ്യം ചെയ്യലിനെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ദല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. സന്ദേശ്വര ബ്രദേഴ്‌സിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മൂന്നംഗ സംഘം മധ്യദല്‍ഹിയിലെ മദര്‍ തെരേസ ക്രസന്റിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

ഈ കേസില്‍ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ രണ്ട് തവണ അഹമ്മദ് പട്ടേലിന് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം വീട്ടില്‍ തുടരേണ്ടതിനാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.  ഇതേതുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വീട്ടിലേക്ക് അയച്ചത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് അദ്ദേഹം. ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ സൂത്രധാരനാണ് അദ്ദേഹം. ബിജെപിയ്ക്ക് ഗുജറാത്തില്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അഹമ്മദ് പട്ടേലിനെ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ചുള്ള റെയ്‌ഡെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

Latest News