ജക്കാര്‍ത്ത-കോവിഡ് ഭീതിയിലും മനുഷ്യത്വത്തിന്റെ മാതൃക കാണിച്ച് ഇന്തോനേഷ്യയിലെ ആഷെ നിവാസികള്‍. അധികൃതരുടെ കോവിഡ് മുന്നറിയിപ്പ് അവഗണിച്ചാണ് കടലില്‍ ഒറ്റപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ അവര്‍ തീരത്തേക്ക് എത്തിച്ചത്. കോവിഡ് ഭീതിയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് പ്രവേശനം അനുവദിക്കാനാകില്ലെന്നായിരുന്നു ഇന്തോനേഷ്യന്‍ അധികൃതരുടെ നിലപാട്.എന്നാല്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിനാളുകള്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കടലില്‍ അനുഭവിക്കുന്ന ദുരിതം കണ്ടുനില്‍ക്കാനാകാതെ പ്രദേശവാസികള്‍ അവരെ കരയിലേക്ക് അടുപ്പിക്കാനായി കടലിലിറങ്ങുകയായിരുന്നു.
ബോട്ട് കെട്ടിവലിച്ചാണ് അവര്‍ റോഹിംഗ്യക്കാരെ കരയിലെത്തിച്ചത്. തങ്ങളുടെ പ്രവൃത്തിയെ തുടര്‍ന്ന് ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങളെ ഭയപ്പെടുന്നില്ലെന്നും തങ്ങള്‍ ശരി മാത്രമാണ് ചെയ്തതെന്ന് വിശ്വസിക്കുന്നുവെന്നും സമീപത്തെ ഗ്രാമത്തിലെ തലവന്‍ നസ്‌റുദ്ധീന്‍ ഗ്യൂചിക് അറിയിച്ചു.അഭയാര്‍ത്ഥികളുടെ ദുരിതം നേരിട്ട് കണ്ടുകൊണ്ട് വീടുകളില്‍ സുഖമായി ഇരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. അവര്‍ തങ്ങളെ നോക്കി കരയുകയായിരുന്നു. ഗര്‍ഭിണികള്‍ അടക്കമുള്ള 94 അഭയാര്‍ത്ഥികളെയാണ് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യദാര്‍ഢ്യത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും നിമിഷം എന്നാണ് ആനംസ്റ്റി ഇന്തോനേഷ്യന്‍ തീരദേശവാസികളുടെ മനഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.കോവിഡ് ഭീതിയെ തുടര്‍ന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ബോട്ടുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.വെള്ളിയാഴ്ച മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യുദ്ധീന്‍ യാസിന്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് സ്വീകരിക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. 8000 കോവിഡ് കേസുകളാണ് മലേഷ്യയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.