ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 17,000 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തുതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5000-ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,52,765 ല്‍ എത്തി, പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇന്നലെ കൂടിയ പ്രതിദിന വര്‍ധന രേഖപ്പെടുത്തി.
കോവിഡ് ചികിത്സക്കായി ആശുപത്രികളില്‍ സൗകര്യമില്ലാതായ ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,460 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ തലസ്ഥാനത്തെ കോവിഡ് ബാധിതര്‍ വെള്ളിയാഴ്ച 77,240 ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,326 പേര്‍ക്ക് രോഗം ഭേദമായി. 47,091 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2,492 ആയി.
407 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണസംഖ്യ 15,301 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യ 14,000 നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസ്, ബ്രസീല്‍, റഷ്യ എന്നിവക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
കൊറോണ വൈറസ് ബാധിച്ച നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമായ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ കോവിഡ് മരണസംഖ്യ വളരെ കുറവാണെന്നും യു.പിയുടെ വിജയമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു. ഒരു കാലത്ത് ലോകത്തെ കീഴടക്കിയ വന്‍ശക്തികളായിരുന്നു ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടിയാല്‍ 24 കോടി വരും. പക്ഷേ ഇന്ത്യയില്‍ യുപി മാത്രം ഇത്രയും ജനങ്ങളുണ്ട്. കോവിഡ് 19 മൂലം നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം 1,30,000 മരണമടഞ്ഞപ്പോള്‍ യു.പി മരണങ്ങളുടെ എണ്ണം 600 മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.