ചെന്നൈ- തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. തൂത്തുക്കുടിയിലെ സതന്‍കുളത്ത് ആയിരത്തിലധികം പേരാണ് ധര്‍ണ നടത്തിയത്. സംഭവത്തില്‍ രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 59കാരനായ ജയരാജ്, മകനും 31കാരനുമായ ഫെനിക്‌സ് എന്നിവരുമാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. പ്രതിഷേധക്കാരും മറ്റ് പ്രദേശവാസികളും പറയുന്നതനുസരിച്ച്, ജയരാജും ഫെനിക്‌സും ചേര്‍ന്ന് നഗരത്തില്‍ എപിജെ എന്ന മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച ഏകദേശം 8.15ഓടെയാണ് ജയരാജ് കട അടച്ചത്. ഇത് ലോക്ക്‌ഡൌണ്‍ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സതന്‍കുളം പോലീസ് ജയരാജനെ വലിച്ചിഴക്കുകയും ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നീടു ശനിയാഴ്ച വൈകുന്നേരം വീണ്ടും കടയിലെത്തിയ പോലീസുകാര്‍ ജയരാജുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
ഫെനിക്‌സ് ഇടപെട്ടപ്പോള്‍ ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കജഇ 188 ,353 വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഞായറാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോവില്‍പട്ടി സബ് ജയിലില്‍ പ്രവേശിപ്പിച്ചു.
അന്ന് വൈകിട്ട് ഫെനിക്‌സ് തനിക്ക് നെഞ്ചുവേദനയെടുക്കുന്നതായി ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടാതെ, ജയരാജിന് കടുത്ത പണിയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ഇരുവരെയും കോവില്‍പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരമാണ് ഫെനിക്‌സ് മരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ജയരാജും മരണപ്പെട്ടു. പോലീസ് ക്രൂരതയാണ് ഭര്‍ത്താവിന്റെയും മകന്റെയും മരണത്തിനു കാരണമെന്ന് ആരോപിച്ച് ജയരാജിന്റെ ഭാര്യ സെല്‍വരാണി ജില്ലാ ക്രിമിനല്‍ കോടതിക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.