ന്യൂദല്‍ഹി- പ്രവചിച്ചതിനെക്കാള്‍ 12 ദിവസം മുമ്പ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യം മുഴുവന്‍ എത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇന്ന് ചില സംസ്ഥാനങ്ങളില്‍കൂടി മഴ പെയ്തതോടെ രാജ്യമെമ്പാടും മണ്‍സൂണ്‍ സാന്നിധ്യം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങിയതും മധ്യ ഇന്ത്യയിലെ മറ്റൊരു ചുഴലിക്കാറ്റുമാണു മണ്‍സൂണിന്റെ വരവ് നേരത്തെയാക്കാന്‍ സഹായിച്ചതെന്ന്’ഐ.എം.ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. അറബിക്കടലില്‍ രൂപപ്പെട്ട നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ നീട്ടിവയ്ക്കുമെന്ന ഭീഷണിയുണ്ടായിരുന്നെങ്കിലും അത് നടക്കാതിരുന്നതും മണ്‍സൂണ്‍ എത്താന്‍ കാരണമായി.