ഗാന്ധിനഗര്‍- മീശ വച്ചു നടന്നതിന് വ്യത്യസ്ത സംഭവങ്ങില്‍ രണ്ട് ദളിത് യുവാക്കളെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു. ഗാന്ധിനഗര്‍ ജില്ലയിലെ കലോല്‍ താലൂക്കിലെ ലിംബോദര ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ക്രുനാല്‍ മേഹരിയ എന്ന 30-കാരനായ നിയമ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. രജപുത് സമുദായക്കാരനായ ഭരത്‌സിങ് വഖേലയാണ് ക്രുനാലിനെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മീശ വച്ചതിനാണ് ഇയാള്‍ തന്നെ ആക്രമിച്ചതെന്ന് ക്രുനാല്‍ പറഞ്ഞു.
'വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ കാണാന്‍ വീട്ടില്‍ പോയതായിരുന്നു. വഴിയില്‍ വച്ച് ഭരത് സിങും മറ്റു ചിലരും ചേര്‍ന്ന് എന്നെ തടഞ്ഞു നിര്‍ത്തി തെറിവിളിച്ചു. മീശ വച്ച് രജപുത് ആകാന്‍ നോക്കേണ്ട എന്ന് വഖേല പറഞ്ഞു. ഇവരെ അവഗണിച്ചു മുന്നോട്ടു പോകുന്നതിനിടെ വടി കൊണ്ട് അടിക്കുകയായിരുന്നു,' ക്രുനാല്‍ പറഞ്ഞു. ഗാന്ധിനഗറിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രുനാല്‍ ഞായറാഴ്ചയാണ് തിരിച്ചു വീട്ടിലെത്തിയത്. ക്രുനാലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഞായറാഴ്ച വഖേലയെ അറസ്റ്റ് ചെയ്തു.
ഇതേ ഗ്രാമത്തില്‍ തന്നെ സെപിതംബര്‍ 25-ന് നടന്ന മറ്റൊരു സംഭവത്തില്‍ പിയൂഷ് പാര്‍മര്‍ എന്ന 24-കാരനായ ദളിത് യുവാവും മീശവച്ച കാരണത്താല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉത്സവം കഴിഞ്ഞ് വീ്ട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് മേല്‍ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചതെന്ന് പാര്‍മര്‍ പറഞ്ഞു. മീശയെ ചെല്ലിയാണ് പാര്‍മറിനേയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല.