ന്യൂദല്‍ഹി-സ്‌കിന്‍ ക്രീമായ ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ. ദക്ഷിണേഷ്യയിലാണ് കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് കൂടുതലും ഉപഭോക്താക്കളുള്ളത്. വെളുത്ത നിറം നല്‍കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങള്‍ക്കതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുനരാലോചന. വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചക്കുന്നത്. സ്‌കിന്‍ ലൈറ്റനിങ്ങ് സ്‌കിന്‍ വൈറ്റനിങ് എന്ന വാക്കുകള്‍ക്ക് പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും കമ്പനിയില്‍ നടക്കുന്നുണ്ട്.
യൂണിലിവറിന്റെ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമര്‍ശങ്ങളുള്ള ഉത്പന്നങ്ങള്‍ക്കെതിരെ നേരത്തെ ജനരോഷമുയര്‍ന്നതാണ്. എന്നാല്‍ അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും മറ്റും വിഷയം വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയിലേക്കിട്ടു.