Sorry, you need to enable JavaScript to visit this website.

ബിഹാര്‍ പോലീസിനെ കാണാന്‍ കൂട്ടാക്കാതെ സിദ്ധു; വീടിനു പുറത്ത് നോട്ടീസ് പതിച്ചു

അമൃത്‌സര്‍- കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ധുവിന്റെ വസതിക്ക് പുറത്ത് ബിഹാര്‍ പോലീസ് നോട്ടീസ് പതിച്ചു. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാന്‍ എത്തിയ പോലീസ് സംഘത്തിന് ഒരാഴ്ച കഴിഞ്ഞിട്ടും സിദ്ധുവിനെ കാണാന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഒറ്റക്കെട്ടായി വോട്ടുചെയ്യാന്‍ മുസ്ലിം വോട്ടര്‍മാരെ പ്രേരിപ്പിച്ചുവെന്ന ആരോപണത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കുറ്റത്തിന് കോണ്‍ഗ്രസ് നിയമസഭാംഗത്തിനെതിരെ കേസെടുത്തത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സിദ്ധു വിവാദ പരാമര്‍ശം നടത്തിയത്.  
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഏപ്രിലില്‍ കതിഹാര്‍ ജില്ലയിലെ ബാര്‍സോയി പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
സബ് ഇന്‍സ്‌പെക്ടര്‍മാരായ ജാവേദ് അഹ്മദ്, ജനാര്‍ദ്ദന്‍ റാം എന്നിവരടങ്ങുന്ന പോലീസ് സംഘം ജൂണ്‍ 17 മുതല്‍ പഞ്ചാബ് നഗരത്തിലെ സിദ്ധുവിന്റെ വസതി സന്ദര്‍ശിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
രേഖകള്‍ കൈമാറാനും ജാമ്യത്തിനായി ഒപ്പുകള്‍ ശേഖരിക്കാനുമാണ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാന്‍ അനുവദിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News