ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക സന്നാഹം തുടരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
സൈനികര്‍, സൈനിക വാഹനങ്ങള്‍, യന്ത്രങ്ങള്‍, കെട്ടിട നിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ചൈന നിര്‍ത്തിവച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ മാസം 15 ന് രാത്രി ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ അതേ സ്ഥലത്താണ് ചൈന സൈനിക സന്നാഹങ്ങള്‍ തുടരുന്നതെന്ന് പ്രദേശത്തെ ജൂണ്‍ 22 ലെ ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നു. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.
പട്രോളിംഗ് പോയിന്റ് 14 ന് സമീപം ഇന്ത്യന്‍ സൈന്യം ഒരു പുതിയ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ചൈന സ്ഥാപിച്ച നിരീക്ഷണ പോസ്റ്റാണിതെന്ന് കരുതുന്നു.
ഇന്ത്യന്‍ സൈന്യത്തിലെ 20 പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ സ്ഥലത്താണ്. പട്രോളിംഗ് പോയിന്റ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.