മുംബൈ- മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് എന്ന പേരില്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഈ പാര്‍ട്ടിയെ താമസിയാതെ ബിജെപിയുടെ ആശീര്‍വാദത്തോടെ എന്‍ ഡി എയില്‍ സഖ്യകക്ഷിയാക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ശിവ സേന ഇപ്പോള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും ശക്തമായി വിമര്‍ശനമുന്നയിച്ചു കൊണ്ടിരിക്കുന്ന ശിവ സേനയെ മാറ്റി നിര്‍ത്താനുള്ള ബിജെപിയുടെ പ്രധാന കരുവായിരിക്കും കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള കരുത്തനായ റാണെ. പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടെ ഉള്ളൂ. കൂടുതല്‍ അണികള്‍ ചേര്‍ന്നതിനു ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് റാണെ പ്രതികരിച്ചത്.
റാണെയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുകുള്‍ റോയിയേയും പാര്‍ട്ടിയിലെടുക്കാനായിരുന്നു ബിജെപി നീക്കം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമായില്ല. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ഇവരെ ബിജെപി സഹായിക്കുമെന്നും ഇവരുടെ സംഘാടന മികവ് ഇതുവഴി ഉപയോഗപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.