ജിദ്ദ - ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂരിലെത്തും. മഹാമാരി മൂലം തൊഴിലും വേതനവും ഭക്ഷണവുമില്ലാതെ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ ചാർട്ട് ചെയ്തത്. എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ഐ. സി.എഫിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
165 യാത്രക്കാരുമായി റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനത്തിൽ 19 ഗർഭിണികൾ ഉൾപ്പെടെ 44 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. ദമാമിൽ നിന്നും പുറപ്പെടുന്ന വിമാനത്തിൽ 14 ഗർഭിണികൾ ഉൾപ്പെടെ 48 സ്ത്രീകളും 41 കുട്ടികളുമുണ്ട്. പൂർണ്ണമായും ഐ.സി.എഫ് ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാന്റ് ചെയ്യും. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും മാർഗനിർദേശങ്ങളും ക്വാറന്റൈൻ മുൻകരുതലുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ഐ.സി.എഫിന്റെ പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർമാർ നൽകിയിട്ടുണ്ട്.
കോവിഡ്19 മൂലം പ്രയാസത്തിലായ എല്ലാവർക്കും ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സൗദിയിലെ എല്ലാ ഭാഗങ്ങളിലും ഐ.സി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ലീവിന് നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത പ്രവാസികൾക്കാവശ്യമായ ഭക്ഷണകിറ്റുകൾ എസ്.വൈ.എസ് സാന്ത്വനം മുഖേന നാട്ടിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ജിവൻ രക്ഷാമരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിനും ഐ.സി.എഫിനായിട്ടുണ്ട്.
തൊഴിൽ നഷ്ടപ്പെട്ടവരും സന്ദർശക വിസയുടെ കാലാവധി തീർന്നവരും ഗർഭിണികളും കുട്ടികളുമടങ്ങുന്ന വലിയ വിഭാഗം ജനങ്ങളും നാട്ടിലെത്താൻ കഴിയാതെ പ്രയാസപ്പെടുകയാണ്. ഈ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് ഇരു സർക്കാരുകളും മുന്നിട്ടിറങ്ങണമെന്നും ഐ.സി.എഫ് അഭ്യർത്ഥിച്ചു. സാങ്കേതിക നിയമ പ്രശ്‌നങ്ങളാണ് സൗദിയിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുവാൻ താമസം നേരിട്ടു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.