റിയാദ് - സൗദി അറേബ്യയിൽ വിദേശികൾക്ക് ഇനി മുതൽ 19 പ്രൊഫനുകളിൽ ഇഖാമ പുതുക്കാൻ സാധിക്കില്ല എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ പത്രങ്ങളിലും പ്രചരിക്കുന്ന വാർത്ത വ്യാജം. ഇത്തരം പ്രൊഫഷനുകളിലെ ഇഖാമ പുതുക്കൽ നിർത്തിവെച്ചതായി ഇതുവരെ സൗദി തൊഴിൽ സാമൂഹിക മന്ത്രാലയമോ ബന്ധപ്പെട്ട വകുപ്പുകളോ ഔദ്യാഗികമായി അറിയിച്ചിട്ടില്ല.
അക്കൗണ്ടന്റ്, സെക്രട്ടറി, സെയിൽസ്മാൻ, അഡ്മിനിസ്‌ട്രേറ്റർ, സെയിൽസ് മാനേജർ, സെയിൽസ് സൂപ്പർ വൈസർ, ഫിനാൻസ് മാനേജർ, ചീഫ് അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, ഓഫീസ് മാനേജർ, സെയിൽസ് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേഷൻ മാനേജർ, ഓഫീസ് ബോയ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, വെയർഹൗസ് മാനേജർ, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, ലോജിസ്റ്റിക്‌സ് സൂപ്പർവൈസർ, എച്ച്.ആർ.മാനേജർ എന്നീ പ്രൊഫഷനുകളിലെ ഇഖാമ പുതുക്കി നൽകില്ല എന്നാണ് വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സൗദിയിൽ ഇഖാമ പുതുക്കി നൽകാത്ത പ്രൊഫഷനുകളെ കുറിച്ച് മന്ത്രാലയം മുൻകൂട്ടി അറിയിക്കാറുണ്ട്. നിതാഖാത്തിന്റെ മുമ്പും ശേഷവും ഇത്തരം നിരവധി പ്രൊഫഷനുകളിൽ ഇഖാമ പുതുക്കുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം അറിയിച്ചിരുന്നു.
19 പ്രൊഫഷനുകളിൽ വിസ ഇഷ്യു ചെയ്യില്ലെന്നും ഇഖാമ പുതുക്കി നൽകില്ലെന്നും അവയിലേക്ക് പ്രൊഫഷൻ മാറ്റില്ലെന്നും 2015 ഓഗസ്റ്റ് 14 ന് തൊഴിൽമന്ത്രാലയം അറിയിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. ഇക്കാര്യത്തിൽ പുതുതായി ഒന്നുമില്ലെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് വ്യക്തമാക്കി. പ്രൊഫഷന്‍ പുതുക്കില്ലെന്ന പ്രചാരണം വീണ്ടും സജീവമായതോടെയാണ് അധികൃതരുമായി മലയാളം ന്യൂസ് ബന്ധപ്പെട്ടത്.
സീനിയർ എച്ച്.ആർ മാനേജർ, എംപ്ലോയീസ് അഫയേഴ്‌സ് ഡയറക്ടർ, ലേബർ വർക്കേഴ്‌സ് ഡയറക്ടർ, പേഴ്‌സണൽ റിലേഷൻസ് ഡയറക്ടർ, പേഴ്‌സണൽ അഫേഴ്‌സ് സ്പഷ്യലിസ്റ്റ്, പേഴ്‌സണൽ അഫയേഴ്‌സ് ക്ലർക്ക്, എംപ്ലോയ്‌മെന്റ് ക്ലർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലർക്ക്, ഡ്യൂട്ടി ക്ലർക്ക്, ജനറൽ റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, പേഷ്യന്റ് റിസപ്ഷൻ, കംപ്ലെയിന്റ് ക്ലർക്ക്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, മുഅഖിബ്, ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മാണ വിദഗ്ധൻ, കസ്റ്റംസ് ബ്രോക്കർ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ എന്നീ പ്രൊഫഷനുകൾ സ്വദേശികൾക്ക് മാത്രമുള്ളതാണെന്നും അതിൽ വിദേശികളെ ജോലി ചെയ്യിക്കുന്നത് ശിക്ഷാർഹമാണെന്നും മന്ത്രാലയം അന്നു വ്യക്തമാക്കിയതാണ്.
എന്നാൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന മിക്ക പ്രൊഫഷനുകളിലും ഇഖാമ പുതുക്കൽ, പ്രൊഫഷൻ മാറ്റം എന്നിവ നടക്കുന്നുണ്ട്. മന്ത്രാലയം ഇതുവരെ നിർത്തിയിട്ടില്ല. സെക്രട്ടറി, എക്കൗണ്ടന്റ് തുടങ്ങിയ ചില പ്രൊഷനുകളിലേക്ക് മാറണമെന്നുണ്ടെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്ത യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുതുക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഡ്രൈവർ, ഓഫീസ് ബോയ്, സെയിൽസ്മാൻ തുടങ്ങിയ സാധാരണ പ്രൊഫഷനുകളിലേക്ക് മാറാൻ ഓൺലൈനിൽ ഇപ്പോഴും സൗകര്യമുണ്ട്.