മുഖ്യമന്ത്രിയും കുടുംബവും നിറപുഞ്ചിരിയോടെ ക്ലിഫ് ഹൗസിലെ സ്വീകരണമുറിയിലിരിക്കുമ്പോൾ സൗദിയിലെയും, യുഎഇയിലെയും, ഖത്തറിലേയും, ഒമാനിലെയും ആശുപത്രിമോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുന്ന മലയാളികളുടെ മൃതദേഹങ്ങളുടെ കുടുംബ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ... അവിടെ സ്വന്തം മകനെ നഷ്ടപ്പെട്ട വേദനയിൽ കണ്ണീർ പോലും പൊഴിക്കാനാവാതെ വിതുമ്പുന്ന പിതാവിന്റെയും ഉറ്റവരുടെയും ദീനരോദനം. അവസാനമായി മുഖം പോലും കാണാൻ ആവാതെ വിദേശ രാജ്യത്തെ ശ്മശാന ഭൂമിയിൽ അടക്കം ചെയ്യപ്പെടുന്ന പ്രവാസിയുടെ പിതാവും, ഭാര്യയും, മക്കളും അനുഭവിക്കുന്ന ഹൃദയ വേദന. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കോവിഡ് പ്രോട്ടോകോൾ പ്രകാരം അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ പരിമിതികൾ. ജീവിതത്തിലും മരണത്തിലും പ്രവാസി പ്രയാസത്തിൽ തന്നെ.
വിദേശത്തു നിന്നും പ്രവാസികളുടെ തിരിച്ചു പോക്കിന് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി പിണറായി പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും ഇതര സംസ്ഥാനക്കാരെയും വിദേശ രാജ്യങ്ങളെയും ഞെട്ടിച്ചു. കരുതലോടെ, കൂടെയുണ്ടെന്ന് മരീചിക പോലെ കാണിച്ച് മോഹിപ്പിച്ച ഒരു ഗവണ്മെന്റ് തിരിച്ചുപോക്കിനുള്ള പ്രവാസിയുടെ ഓരോ ശ്രമത്തിന്റെയും കടക്കൽ കത്തി വെച്ച പിണറായി, ഇതാ അവസാന ആണിയും അടിച്ചു കേറ്റി...സന്നദ്ധ സംഘടനകളും, കേന്ദ്ര സർക്കാരും (വളരെ പരിമിതമാണെങ്കിലും) വിമാന സർവീസുമായി മുന്നോട്ടു വന്നപ്പോൾ, മുടന്തൻ ന്യായങ്ങൾ നിരത്തി തിരിച്ചുപോക്കിനു തടയിട്ടു. പിണറായിയുടെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന അനേകം ഉപദേശകരിൽ മനുഷ്യത്വമുള്ള ഒരെണ്ണം പോലുമില്ലല്ലോ. ഇതെല്ലാം 'ഉപദോഷകരാണോ' ആവോ?. അമ്മയുടെ മാനസികവേദന അറിയുന്ന ആരോഗ്യമന്ത്രി ടീച്ചറമ്മക്കെങ്കിലും പിണറായിയോട് ഒന്ന് പറയാമായിരുന്നില്ലേ? ഒരു രാജ്യവും തങ്ങളുടെ പൗരന്മാരെ കൊണ്ട് വരാൻ ഇങ്ങനെ ഒരു നിബന്ധന വെച്ചിട്ടില്ല. എങ്ങനെയെങ്കിലും അവർ സ്വന്തം രാജ്യത്തെത്തിയാൽ മാത്രം മതി. അവരെ കൊണ്ട് വരാൻ പ്രത്യേക വിമാനമയച്ചും മറ്റു സൗകര്യവുമൊരുക്കിക്കൊടുക്കുകയായിരുന്നു.
പ്രവാസിയുടെ വേദനക്ക് കേരളത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. കേരളത്തിന്റെ സർവ്വപുരോഗതിയുടെയും ഗതിവിഗതികൾ നിർണയിച്ച മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് മലയാളി പ്രവാസിയുടെ കരുത്ത്. അടിസ്ഥാന വികസനം മുതൽ ഒന്നാം നമ്പറവകാശപ്പെടുന്ന നമ്മുടെ ആരോഗ്യ മേഖല പോലും പ്രവാസിയുടെ വിയർപ്പിന്റെ സുഗന്ധത്തിലാണ് പരിമളം പരത്തുന്നത്. കൈരളിയുടെ വൈജ്ഞാനിക വിസ്‌ഫോടനവും, സാമൂഹിക കലാ സാംസ്‌കാരിക സമൃദ്ധിയും അടയാളപ്പെടുത്തുന്നത് പ്രവാസിയുടെ കാൽ പാദങ്ങളാണ്.
നാടിന്റെ നട്ടെല്ലാണെന്നു നാക്കിട്ടലക്കുന്ന തൊഴിലാളി വർഗ സർക്കാരേ... നട്ടെല്ലാവണമെന്നില്ല, ഒരു കറിവേപ്പിലയുടെ വിലയെങ്കിലും തന്നാൽ മാത്രം മതി. കഷ്ടപ്പാടിന്റെ നെരിപ്പോടിലൂടെ ഓരോ നിമിഷവും വെന്തുരുകുന്ന പ്രവാസിയോട് കാണിക്കുന്ന ഈ ക്രൂരതക്ക് ചരിത്രം വിലയിടുക തന്നെ ചെയ്യും. കോവിഡ് മഹാമാരിയിൽ നിശ്ചലമായ ലോകക്രമത്തിൽ, ജോലിയും കൂലിയുമില്ലാതെ പിടിവള്ളി നഷ്ടപ്പെട്ട പ്രവാസിക്ക്, സ്വന്തം കുടുംബത്തിലേക്ക് വെറും കയ്യോടെ മടങ്ങി വരാൻ പോലുമുള്ള അടിസ്ഥാന അവകാശത്തെ അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തി, ഓരോ സന്ധ്യയിലും അഞ്ചു മണി വാർത്ത വായിക്കുന്ന പിണറായി എന്തേ, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ പരശ്ശതം പ്രവാസിയുടെ കണ്ണീർതുള്ളികൾ കാണാതെ പോയത്? ലേബർ ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുന്ന അനേകായിരം മലയാളികളുടെ ഗദ്ഗദം കേൾക്കാതെ പോയത്? വിസിറ്റ് വിസയിലെത്തിയ വൃദ്ധരായ മാതാപിതാക്കൾ, പിഞ്ചു കുട്ടികളുമായെത്തിയ ഭാര്യമാർ, ആറും ഏഴും മാസമായ ഗർഭിണികളായ സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ ജന വിഭാഗത്തിനോടാണ് താങ്കൾ വെല്ലുവിളി നടത്തുന്നത്. സാർ...പാവമാണവർ, വെറും പാവം....എന്ത് ചെയ്യണമെന്നോ, എവിടേക്കു പോവണമെന്നോ നിശ്ചയമില്ലാത്ത വെറും പാവങ്ങൾ. ഫൈനൽ എക്‌സിറ്റ് വിസ അടിച്ചു കാലാവധി തീർന്നവരും, ജോലി ഇല്ലാതെ മാസങ്ങളോളം അന്യന്റെ ഓശാരത്തിൽ കഴിയുന്നവരും, അവശ്യ മരുന്നുകൾ പോലും കിട്ടാതെ പ്രയാസപ്പെടുന്ന നിത്യരോഗികളും തുടങ്ങി നമ്മുടെ സഹോദരസഹോദരിമാരുടെ ദീനവിലാപങ്ങൾ കേൾക്കണമെങ്കിൽ അങ്ങ് ക്ലിഫ് ഹൗസിലെ വരാന്തയിലിറങ്ങി നോക്കിയാൽ മാത്രം മതി.
പ്രവാസിയോട് വൈകാരികമായൊരു ആത്മ ബന്ധമുണ്ടായിരുന്നുവെങ്കിൽ നിങ്ങൾക്ക് ഈ തീരുമാനം കൈക്കൊള്ളാനാവുമായിരുന്നില്ല. വിദേശ രാജ്യങ്ങൾ പലവുരു സന്ദർശിച്ച താങ്കൾക്കു ഇവിടുത്തെ അവസ്ഥ അറിയാമല്ലോ. വന്ദേഭാരത് മിഷനിലും മറ്റും തിരിച്ചു പോവാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന ഒരു മലയാളിക്കും ഇവിടെ നിലനിൽപിന്റെ കൽപടവില്ല. ഒരു പിടിവള്ളി പോലുമില്ലാഞ്ഞിട്ടാണ് അവരൊക്കെ തിരിച്ചു പോവാൻ കാത്തിരിക്കുന്നത്. ടിക്കറ്റിനു പോലും കാശില്ലാതെ കഷ്ടപ്പെടുന്ന, ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ നോവനുഭവിക്കുന്ന മലയാളിയുടെ നെഞ്ചത്ത് ചവിട്ടി അർമാദിക്കുന്ന ഭരണകൂടത്തിനറിയുമോ, ഇവരുടെ പ്രയാസങ്ങൾ.
രോഗമുള്ളവരും രോഗമില്ലാത്തവരും ഇട കലർന്ന് വരുന്നതൊഴിവാക്കാനും രോഗ വ്യാപ്തി തടയാനും കോവിഡ് നെഗറ്റീവുള്ളവർ മാത്രം വന്നാൽ മതി എന്നും പോസിറ്റീവ് ആയവർ ഒരുമിച്ചു ഒരു ഫ്‌ളൈറ്റിൽ വരണമെന്നും പറയുന്ന തീർത്തും അപ്രായോഗികമായ, പ്രവാസിയെ പ്രയാസപ്പെടുത്തുന്ന ഈ ഉത്തരവ് എത്രമാത്രം ദോഷകരമായിട്ടാണ് വിദേശ രാജ്യത്തെ മലയാളികളെ ബാധിക്കുന്നത്? സിറ്റികൾക്കു പുറത്തു താമസിക്കുന്ന, സൗദിയിലെ വിദൂര പ്രവിശ്യകളിലൊക്കെ ഉള്ള ജനങ്ങൾക്കു ഈ തീരുമാനം എത്രമാത്രം പ്രയാസമാണ്. ഓരോ രാജ്യത്തെയും നിയമങ്ങളും ആരോഗ്യ മന്ത്രാലയ രീതികളും തീർത്തും വിഭിന്നമാണെന്നിരിക്കെ, ഒരു സംസ്ഥാനം ഏകപക്ഷീയമായ പ്രജാവിരുദ്ധമായ തീരുമാനമെടുത്തു കോവിഡ് മഹാമാരിയേക്കാൾ വലിയ മാരണവുമായി വന്നു തിരിച്ചുപോക്കിന്റെ വ്യോമപാത അടക്കുന്ന സങ്കടകരമായ സമീപനമാണിത്. വിദേശ രാജ്യത്തെ എംബസികളിൽ ഒരു പ്രത്യേക സംസ്ഥാനത്തെ ജനങ്ങൾക്കു കോവിഡ് ടെസ്റ്റ് നടത്താൻ സംവിധാനമൊരുക്കണമെന്നൊക്കെ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹമന്ത്രിമാരും പറയുന്നത് എത്രമാത്രം മൗഢ്യമാണ്. രക്ത ഗ്രൂപ്പ് നിർണയം പോലെ രണ്ട് പാരാ മെഡിക്കൽ സ്റ്റാഫിന് നടത്താൻ കഴിയുന്ന ഒരു ടെസ്റ്റ് ആണെന്നാണോ അദ്ദേഹം വിചാരിച്ചത് ആവോ?
മലയാളിയുടെ സവിശേഷമായ, വിദേശ രാജ്യങ്ങളിലെ മലയാളിയുടെ മുഖമുദ്രയായ പരസഹായ തൽപരതയാണ് കോവിഡ് കാലത്തെ നാം കണ്ട സൂര്യ കാന്തി. സാമൂഹിക അകലം പാലിക്കണമെന്ന കർശന വ്യവസ്ഥയിലും, പുറത്തിറങ്ങരുതെന്ന കർക്കശമായ കർഫ്യൂ സമയത്തും സ്വന്തം ശരീരത്തെ മറന്നു പര സഹായത്തിനു മുന്നിട്ടു ഇറങ്ങുന്ന നമ്മുടെ സഹോദരങ്ങൾ. അവർ മലയാളി സഹോദരന്മാർ ഗൾഫ് നാടുകളിൽ ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർമാരായി എല്ലാ ഇടത്തും സഹായ ഹസ്തവുമായി ഓടി നടന്നു. വന്ദേ ഭാരത് മിഷനിൽ നാട്ടിൽ പോവാൻ ചാൻസ് കിട്ടിയ വിദൂര ദിക്കിലെ പാവം ഇന്ത്യക്കാരുടെ ടിക്കറ്റ് എടുക്കാൻ പോലും സഹായ ഹസ്തവുമായി മുന്നിലുണ്ടായിരുന്നത് ഈ മലയാളി സഹോദരങ്ങളായിരുന്നു. അവർ നന്മയുടെ സന്ദേശമാണ് എല്ലായിടത്തും വിതറിയത്. കേരളത്തിന്റെ പെരുമയാണ് അവരുടെ പ്രവൃത്തിയിലൂടെ ആകാശത്തോളമുയർത്തിയത്.
പാവപ്പെട്ടവർക്കു ഭക്ഷണ കിറ്റുമായി പൊരിവെയിലെത്തും കോവിഡ് ഭീഷണിക്കിടയിലും ക്യാമ്പുകൾ തോറും കയറിയിറങ്ങുന്ന മലയാളി, ചാർട്ടേർഡ് വിമാനവുമായി മലയാളിയെ തേടിയെത്തിയ സംഘടനകൾ. ഇവരുടെ പ്രവർത്തനങ്ങളെ അറുത്തു മുറിക്കാൻ തുടക്കത്തിലേ മുടന്തൻ ന്യായവുമായി വന്ന സർക്കാരിനെ നാമെല്ലാവരും സംശയിക്കുന്നു. രണ്ടു ലക്ഷത്തോളം ക്വാറന്റൈൻ സംവിധാനമുണ്ടെന്നു വീമ്പു പറഞ്ഞ സർക്കാർ നിമിഷങ്ങൾക്കകം മലക്കം മറിഞ്ഞു. പെയ്ഡ് ക്വാറന്റൈൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. എതിർപ്പ് കൂടിയപ്പോൾ മെല്ലെ അയഞ്ഞു. തിരിച്ചു പോക്കിന് ആനുപാതികമായ വിമാന സർവീസ് ഇല്ലാതിരുന്നപ്പോൾ, ചാർട്ടർ വിമാനവുമായി വന്ന സംഘടനക്കെതിരെ പാരയുമായി അടുത്ത വരവ്.
ഇപ്പോഴിതാ.. പുതിയ പൂട്ട്. പലരും പറയുന്ന പോലെ, ഈ ടെസ്റ്റ് നടത്താനുള്ള സാമ്പത്തികവും, സമയവും സൗകര്യവുമൊക്കെ പ്രവാസിക്ക് പ്രയാസമാണ്. ഒരിക്കലെങ്കിലും പ്രവാസിയെ അറിഞ്ഞവർക്ക് മാത്രമേ ഇതറിയൂ മനുഷ്യത്വത്തിന്റെ ഒരുതുള്ളി കനിവെങ്കിലും നിങ്ങളിലവശേഷിച്ചിട്ടുണ്ടെങ്കിൽ പ്രവാസിയുടെ മടക്കവുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കൂ. നാട്ടിലെത്തുന്ന സമയത്തു കോവിഡ് ടെസ്റ്റ് നടത്തി രോഗലക്ഷണമുള്ളവരെ പ്രത്യേക സൗകര്യമൊരുക്കി വേണ്ട നടപടികളെടുക്കാനുള്ള സംവിധാനമല്ലേ എടുക്കേണ്ടത്.