Sorry, you need to enable JavaScript to visit this website.

ബിജെപി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് ശിവസേന

മുംബൈ- ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്ത്. ബിജെപി തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേന സംഘടിപ്പിച്ച ദസറ റാലിയില്‍ പ്രസംഗിക്കവെയാണ് സഖ്യകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി താക്കറെ രംഗത്തെത്തിയത്. 'ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട. അതിനുള്ള സമയം ആയിട്ടില്ല. നോട്ടു നിരോധനത്തെ പിന്തുണയ്ക്കുന്നവരെ രാജ്യസ്‌നേഹികളും എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളുമായി ചിത്രീകരിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വ്യക്തിഹത്യ ചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ശിവസേനാ പ്രവര്‍ത്തകരോട് താക്കറെ അഭ്യര്‍ത്ഥിച്ചു. വിലകയറ്റത്തിനെതിരെ ശിവസേന നടത്തിയ റാലിക്കിടെ മോഡിക്കെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. കശ്മീരിലെ ബിജെപി-പിഡിപി സഖ്യസര്‍ക്കാരിനെതിരെയും താക്കറെ വിമര്‍ശനമുന്നയിച്ചു. 

 

പ്രത്യയശാസ്ത്രപരമായി പിഡിപിയുമായി ബിജെപി എങ്ങനെയാണ് യോജിച്ചു പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ സഖ്യം വൈരുധ്യമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എന്തുകൊണ്ട് എടുത്തു മാറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വ എന്ന വാക്കിന് ഭ്രഷ്ട് ഉണ്ടായിരുന്ന കാലത്താണ് ഹിന്ദുത്വയ്ക്ക് വേണ്ടി ഞങ്ങള്‍ ബിജെപിയോടൊപ്പം സഖ്യത്തില്‍ ചേര്‍ന്നത്. ഞങ്ങളെ കൊണ്ട് വലിയ കാര്യമില്ലെന്ന് ബിജെപി നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ ഭാവി ഞങ്ങള്‍ ആലോചിക്കുമെന്നും മുന്നറിയിപ്പ് സ്വരത്തില്‍ താക്കറെ പറഞ്ഞു. ഹിന്ദുത്വയ്ക്ക് ബിജെപി നല്‍കുന്ന നിര്‍വചനം അറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. 

 

അഹമ്മദാബാദിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേയും ഉദ്ദവ് താക്കറെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ആദ്യം നിലവിലുള്ള റെയില്‍വെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ബുള്ളറ്റ് ട്രെയിന്‍ ആര്‍ക്കുവേണമെന്നും അദ്ദേഹം ചോദിച്ചു. 

Latest News