- കോവിഡില്ലാ പരിശോധന ഒഴിവാക്കിയേക്കും; ബദൽമാർഗം ആലോചനയിൽ
- യാത്ര പുറപ്പെടുന്ന വിമാനതാവളങ്ങളിൽ കർശന സ്‌ക്രീനിംഗ്
ജിദ്ദ- പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന നടപ്പാക്കുന്നതിലെ സാങ്കേതിക തടസം മറികടക്കാൻ കേരളം മറ്റുവഴികൾ തേടുന്നു. പ്രവാസി യാത്രക്കാർക്ക് പി.പി.ഇ(വ്യക്തി സുരക്ഷാ ഉപകരണം) കിറ്റ്, യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ കർശനമായ വ്യവസ്ഥകളോടെയുള്ള സ്‌ക്രീനിങ്, വിമാനങ്ങളിൽ സുരക്ഷിതമായ അകലം അടക്കമുള്ള സംവിധാനങ്ങൾ യാത്രയിൽ ഏർപ്പെടുത്താനാണ് നീക്കം. ഇതിന് പുറമെ, ആരോഗ്യപരിശോധനകളും നടത്തും. പനി അടക്കമുള്ള രോഗലക്ഷണങ്ങളുള്ളവർക്ക് യാത്രക്ക് മുമ്പ് തന്നെ പരിശോധന നിർബന്ധമാക്കണമെന്നും വ്യവസ്ഥ ചെയ്യും. പ്രകടമായ രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇതിന് പുറമെ, സൗദിയിലെ സാങ്കേതിക സേവനങ്ങളുടെ സഹായം തേടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് നടത്താൻ ദുബായ്, കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഏറെ കടമ്പകൾ കടക്കാനുണ്ടെന്ന് അതാത് രാജ്യങ്ങളിലെ എംബസികൾ വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉപദേശം തേടിയിട്ടുണ്ടെങ്കിലും ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
ചാർട്ടേഡ് വിമാനങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക എന്നായിരുന്നു അറിയിച്ചിരുന്നത്. കോവിഡുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് സൗകര്യം ഉപയോഗിക്കില്ലെന്ന് ഇന്നലെ സൗദി ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതും സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്ക് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാറിനെ പ്രേരിപ്പിച്ചു. ഇതിന് പുറമെ, ട്രൂനാറ്റ് സംവിധാനം വിദേശത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന കേന്ദ്രത്തിന്റെ അറിയിപ്പും മറ്റു മാർഗങ്ങൾ തേടാനുള്ള കാരണമായി. ദുബായ് അടക്കമുള്ള രാജ്യങ്ങൾ ട്രൂനാറ്റ് പരിശോധനക്ക് അനുമതി നൽകിയിട്ടില്ല.
പ്രവാസികളുടെ യാത്രക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക വിഷമതകൾ സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതും മുൻ തീരുമാനത്തിൽനിന്ന് പിറകോട്ട് പോകാൻ സർക്കാറിനെ പ്രേരിപ്പിച്ചു. ആന്റിബോഡി പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനാകില്ലെന്ന വിവരവും സർക്കാറിന് ബോധ്യമായി. ടെസ്റ്റ് നിർബന്ധമാക്കിയ യു.എ.ഇയിൽ നിന്നു വന്നവരിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെത്തിയവരിൽ കൂടുതൽ കോവിഡ് രോഗികൾ യു.എ.ഇയിൽനിന്നാണ്. കേരളത്തിലെത്തുന്ന യാത്രക്കാർക്ക് അതാത് വിമാനതാവളത്തിൽതന്നെ ട്രൂനാറ്റ് വഴി കോവിഡ് പരിശോധന നടത്താനാകുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ചില വിദേശരാജ്യങ്ങൾ അടുത്ത ആഴ്ച തന്നെ രാജ്യാന്തര വിമാന സർവീസുകൾ നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നതും കേരളം കോവിഡ് പരിശോധനയിലെ കടുംപിടുത്തം ഒഴിവാക്കുന്നതിന് കാരണമായി.. കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് പോകാൻ നിരവധി പേർ കാത്തിരിക്കുന്നുണ്ട്. ഈ സഹചര്യത്തിൽ കേരളത്തിലേക്ക് മാത്രമുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിദേശങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വിമാന സർവീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഈ സഹചര്യത്തിൽ കൂടിയാണ് കോവിഡില്ലാ സർട്ടിഫിക്കറ്റ് പ്രവാസികൾക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽനിന്ന് സർക്കാർ താൽക്കാലികമായെങ്കിലും പിറകോട്ട് പോകുന്നത്.