ന്യൂദല്‍ഹി- ചാരപ്രവര്‍ത്തനവും ഇന്ത്യാവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി ദല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും പകുതിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം തീരുമാനങ്ങള്‍ നിലവില്‍ വരും. ദല്‍ഹിയിലെ പാക് നയതന്ത്ര കാര്യാലയത്തിലെ ഉദ്യാഗസ്ഥരുടെ പ്രവര്‍ത്തനങ്ങളിലുള്ള പ്രതിഷേധവും ആശങ്കയും ആക്ടിങ് ഹൈക്കമ്മിഷണറെ വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ച് അറിയിച്ചു.
പാക് ഉദ്യോഗസ്ഥര്‍ ഭീകരസംഘടനകളുമായി ഇടപാടുകള്‍ നടത്തുകയും ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞമാസം 31നു രണ്ട് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തിനിടയില്‍ പിടികൂടുകയും പുറത്താക്കുകയും ചെയ്ത നടപടി ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് പാക് ഉദ്യോഗസ്ഥര്‍ തടസ്സമുണ്ടാക്കുന്നതായും ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോവുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന്റേയും ഉദ്യോഗസ്ഥരുടെയും പെരുമാറ്റവും നടപടികളും വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിക്കും ഉഭയകക്ഷി ധാരണയ്ക്കും വിരുദ്ധമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും ഭീകരാക്രമണത്തിനും പിന്തുണ നല്‍കുന്ന നയത്തിന്റെ ഉകരണമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.