Sorry, you need to enable JavaScript to visit this website.

ഏഴ് ദിവസം കൊണ്ട് കൊറോണ മാറ്റുന്ന മരുന്ന്,  പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂദല്‍ഹി-ഏഴ് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യകൊറോണ' എന്ന ഒരു പാക്കേജ് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്. ഈ പരസ്യം അടിയന്തരമായി നിര്‍ത്തിവയ്ക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടു. 'കൊറോണില്‍', 'ശ്വാസരി' എന്നീ രണ്ട് മരുന്നുകളാണ് പതഞ്ജലി പുറത്തുവിട്ടത്. 280 രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. രാജ്യത്ത് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുന്നു എന്ന പരസ്യം വിപുലമായി വിവിധ മാധ്യമങ്ങളില്‍ പതഞ്ജലി നല്‍കുകയും ചെയ്തിരുന്നു.
എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നും, ഈ മരുന്നുകളില്‍ എന്തെല്ലാമാണ് ഉള്ളതെന്നും, എന്ത് ഗവേഷണമാണ് നടത്തിയതെന്നും അടക്കമുള്ള വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് ആശുപത്രികളിലാണ് ഈ ഗവേഷണം നടത്തിയതെന്നും, ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ എന്നും, ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റജിസ്‌ട്രേഷന്‍ നടത്തിയോ എന്നും കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിര്‍മ്മിച്ചതാണ് ഈ ഉത്പന്നങ്ങളെന്നാണ് പതഞ്ജലി പുറത്തുവിട്ട പരസ്യത്തിലുള്ളത്. ഇത്തരത്തിലൊരു മരുന്ന് നിര്‍മിച്ചതിന്റെ ലൈസന്‍സ്, ഉത്പന്നത്തിന്റെ അനുമതി പത്രം എന്നിവയും കേന്ദ്രമന്ത്രാലയം പതഞ്ജലിയോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News