ന്യൂദല്‍ഹി- ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു ദല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി കുലച്ച വില്ല് പൊട്ടി. ദസറ ആഘോഷത്തിന്റെ ഭാഗമായ രാവണന്റെ കോലത്തിലേക്ക് പ്രതീകാത്മകമായി അമ്പെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വില്ല് കയ്യിലെടുത്ത് അമ്പ് തൊടുത്തുവിടാന്‍ മോഡി നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടു. ശേഷം ഒരു ശ്രമം കൂടി നടത്തുന്നതിനിടെയാണ് വില്ലിന്റെ ഒരറ്റം ഒടിഞ്ഞത് ശ്രദ്ധയില്‍പെട്ടത്. ഇതോടെ കയ്യടിക്കാന്‍ തയാറായവരൊക്കെ കൈതാഴ്ത്തി അന്തംവിട്ടു.
എങ്കിലും പതറാതെ ചിരിച്ചു കൊണ്ട് പ്രധാനമന്ത്രി അമ്പ് കൈകൊണ്ടെടുത്ത് രാവണ കോലത്തിനു നേറെ എറിഞ്ഞ് ചടങ്ങ് ഭംഗിയായി പൂര്‍ത്തിയാക്കി. നിറഞ്ഞ കയ്യടിയോടെ സദസ്സ് അതേറ്റെടുക്കുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഷ്ട്രപതി രാംനാഥ് കോവിന്ദും മോഡിക്കു സമീപം ഉണ്ടായിരുന്നു. വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷം ഹൈന്ദവ പുരാണത്തിലെ രാമന്‍ രാവണനുമേല്‍ നേടിയ വിജയത്തിന്റെ ആഘോഷമാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയമായാണ് ഇന്ത്യയിലുടനീളം ദസറ ആഘോഷിക്കുന്നത്.