കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരള സർക്കാർ ഗൾഫ് നാടുകളിലെ മലയാളികളോട് കാണിക്കുന്ന വിവേചനത്തിന് പിറകിൽ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ? ന്യായമായും ഉണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. പ്രസ്തുത രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് ഗൾഫുകാരോടുള്ള വിവേചനം എന്താണെന്ന് പരിശോധിക്കാം.
കൊറോണക്ക് കാരണമായ കോവിഡ്19 വൈറസ് മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകളിൽ ഏഴാമത്തേതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ വൈറസ് ഉണ്ടാക്കുന്ന കോവിഡ്19 രോഗത്തെ ലോകരാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് ജൂൺ 21 വരെയായി ലോകത്ത് എൺപത്തി ഏഴ് ലക്ഷത്തി എണ്ണായിരത്തി എട്ടോളം പേർക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ നാല് ലക്ഷത്തി അറുപത്തൊന്നായിരത്തി എഴുന്നൂറ്റി പതിനഞ്ചു പേർ രോഗം പിടിപെട്ട് മരണപ്പെട്ടു.
സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും (ഇരുപത്തി രണ്ട് ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി ഇരുപത്തൊമ്പത്) മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും (ഒരു ലക്ഷത്തി പതിനെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റഞ്ച്) ഈ മഹാമാരി ഏറ്റവും അധികം പിടികൂടിയിരിക്കുന്നത് അമേരിക്കയെയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയിൽനിന്നും മലയാളികളെയും വഹിച്ച് എയർ ഇന്ത്യ കൊച്ചിയിലേക്ക് പറക്കുന്നുണ്ട്. എന്നാൽ അവിടെനിന്നും വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന കേരള സർക്കാറിന്റെ പുതിയ നിബന്ധന ബാധകമല്ല.
സൗദി അറേബ്യയിൽ ഇതേ കാലയളവിൽ ഒരു ലക്ഷത്തി അമ്പത്തി നാലായിരത്തി ഇരുന്നൂറോളം പേർക്കാണ് കോവിഡ് ബാധിച്ചത്. അതിൽ മരിച്ചവർ 1230 പേർ. ഇനി കുവൈത്തിലെ കാര്യമെടുക്കാം. ആകെ കോവിഡ് രോഗികൾ 39,145. ഇവരിൽ മരിച്ചവർ 319 പേർ. ബഹ്‌റൈനിലെ കോവിഡ് രോഗികൾ 21,331. ഇതിൽ മരിച്ചവരുടെ എണ്ണം അറുപത്.
ഒമാനിൽ കോവിഡ് ബാധിച്ചത് 28,556 പേർക്കാണ്. ഇതിൽ മരിച്ചവർ 128 പേർ. യു.എ.ഇയുടെ കാര്യത്തിൽ കോവിഡ് ബാധിതർ 44,533 മരണപ്പെട്ടവർ 301. ഖത്തറിൽ രോഗം ബാധിച്ചത് 86,488 പേർക്ക്. മരണം 94. ബഹ്‌റൈനിൽ രോഗികൾ 21,331. മരിച്ചത് 60.
ഗൾഫ് രാജ്യങ്ങളിലെ മൊത്തം രോഗികളുടെ എണ്ണം 3,95,617. മൊത്തം മരിച്ചവർ 2192 ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിയും യു.എസിലേതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ കോവിഡിന്റെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരുടെ കാര്യത്തേക്കാൾ ജാഗ്രത കാണിക്കേണ്ടത് യു.എസിൽ നിന്നും വരുന്ന യാത്രക്കാരുടെ കാര്യത്തിലാണ്.
എന്നാൽ യു.എസിലെ കോവിഡ് വൈറസ് ഗൾഫിലേതിൽ നിന്നും വ്യത്യസ്തമാണെന്നും യു. എസിലെ സാഹചര്യങ്ങൾ ഗൾഫിലേതിനേക്കാൾ സുരക്ഷിതമാണെന്നുമുള്ള അഭിപ്രായം കേരള മുഖ്യമന്ത്രിക്കുണ്ടോ? ഈ സംശയം യു.എസിന്റെ കാര്യത്തിൽ മാത്രമല്ല ഉള്ളത്. യൂറോപ്പിൽനിന്നും റഷ്യ, ന്യൂസിലാൻഡ്, ജോർജിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്നെല്ലാം മലയാളികൾ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യയിൽ കേരളത്തിലേക്ക് വരുന്നുണ്ട്. ഗൾഫ് മലയാളികളോടുള്ള യാത്രാ നിബന്ധനങ്ങൾ കേരള സർക്കാർ അവരുടെ കാര്യത്തിലും മുമ്പോട്ട് വെക്കുന്നില്ല. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഗൾഫ് നാടുകളിലെ പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ കൈയിൽ കരുതണമെന്ന സംസ്ഥാന സർക്കാർ നിബന്ധന എന്തുകൊണ്ട് ഗൾഫിൽ നിന്നുമുള്ള യാത്രക്കാരുടെ കാര്യത്തിൽ മാത്രം നിർബന്ധമാക്കുന്നു?
കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏറെ വർധനയുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നും വിമാന മാർഗവും ട്രെയിൻ, റോഡ് മാർഗവും കേരളത്തിലേക്ക് വരുന്നവർക്കും യാത്രാനുമതിക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന മുന്നോട്ട് വെക്കുന്നില്ല. മഹാരാഷ്ട്രയിൽ ഇതേവരെ 1,28,205 പേർക്ക് കോവിഡ് ബാധിച്ചതായും 5984 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേതുമായി തട്ടിച്ചു നോക്കിയാൽ മഹാരാഷ്ട്രയിലേത് ഗൾഫിലേതിനേക്കാൾ ഭീതിജനകമായ സാഹചര്യമാണ്. എന്നിട്ടും എന്തുകൊണ്ട് ഗൾഫ് നാടുകളിലെ പ്രവാസികളോട് മാത്രം ഈ വിവേചനം?
കേരള സർക്കാർ മുന്നോട്ട് വെക്കുന്ന റാപ്പിഡ് ടെസ്റ്റ് കോവിഡ് പരിശോധനയിൽ കൃത്യത ഇല്ലാത്തതാണെന്നും തെറ്റായി നെഗറ്റീവ് ഫലം കാണിക്കുന്നതാണെന്നുമുള്ള കാര്യവും ഇതിനോടകം തെളിഞ്ഞതാണ്. പിന്നെ എന്തിനാണ് ഈ നാടകം. അവിടെയാണ് ഈ തീരുമാനത്തിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യം തെളിഞ്ഞു വരുന്നത്. പ്രതിഛായ വർധിപ്പിക്കുന്നതിന് മോഡി മാതൃകയിലുള്ള പി.ആർ മെക്കാനിസത്തെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് അടുത്ത കാലത്തായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിൻപറ്റുന്നത്. കോവിഡ് മഹാമാരിയിൽ ലോകം പകച്ചു നിൽക്കുമ്പോൾ കേരളത്തെ ഒന്നാം നമ്പർ സ്ഥാനത്താണെന്ന് പറയാൻ പിണറായി വിജയൻ ഉപയോഗിച്ച സ്റ്റാലിൻ മുറയാണ് പ്രവാസികളോടുള്ള ഈ വിവേചനം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്ക് വന്നാൽ കോവിഡ് രോഗം പടരുമെന്നും അതുകൊണ്ട് തന്നെ കേരളത്തിന്റെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെന്ന് വിശ്വസിപ്പിക്കുന്നതിലൂടെയുള്ള ഒരു രാഷ്ട്രീയ നേട്ടവും ഈ വിവേചനത്തിന് പിറകിലുണ്ട്.
ഇന്നത്തെ കോവിഡ് പോലെ 1930-33 കാലഘട്ടത്തിൽ ദശലക്ഷക്കണക്കിന് പേരുടെ മരണങ്ങൾക്ക് കാരണമായ സോവിയറ്റ് ക്ഷാമ കാലത്ത് സ്റ്റാലിന്റെ ബോധപൂർവമായ നയത്തിന്റെ ഇരകളായി ഏറെ പേർ അന്ന് സോവിയറ്റ് നാടുകളിൽ മരിച്ചു വീഴുകയുണ്ടായി. അന്ന് ക്ഷാമത്തെ അതിജീവിച്ച 'കുലാക്കുകളെ' ഒരു വർഗമായി ഉന്മൂലനം ചെയ്യാനുള്ള നയത്തിന്റെ ഭാഗമായി സോവിയറ്റ് റിപ്പബ്ലിക്കിന്റെ അതിർത്തികൾ അടച്ചിടാൻ ഉത്തരവിട്ട സ്റ്റാലിനിസ്റ്റ് രീതിയാണ് ഗൾഫ് നാടുകളിലെ പ്രവാസികളുടെ കാര്യത്തിൽ ഇപ്പോൾ പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രവാസികളോടുള്ള നിലപാടിൽ മാറ്റം വരുത്താൻ ഇടതുപക്ഷ സർക്കാർ ഇനിയും തയാറായില്ലെങ്കിൽ അതിനവർ വലിയ വില തന്നെ കൊടുക്കേണ്ടി വരും.
(എ.ഐ.സി.സി ഓവർസീസ് ഡിപ്പാർട്ട്‌മെന്റിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)