Sorry, you need to enable JavaScript to visit this website.

ബിഹാറിൽ ആർ.ജെ.ഡിക്ക് തിരിച്ചടി; പാർട്ടിയിൽനിന്ന് കൂട്ടരാജി

പട്‌ന- ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) തിരിച്ചടിയായി പാർട്ടിയിൽ കൂട്ടരാജി. അഞ്ച് സിറ്റിങ് എം.എൽ.സിമാർ(നിയമസഭാ കൗൺസിൽ അംഗങ്ങൾ) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ ചേർന്നു. അഞ്ചു മാസത്തിനികം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.
പാർട്ടിയിലെ മുതിർന്ന നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിംഗ് സ്ഥാനം രാജിവെച്ചു.
ആർ.ജെ.ഡിക്ക് ആകെ എട്ട് എം.എൽ.സിമാരാണുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ ജെ.ഡി.യുവിൽ ചേർന്നു. രാധാചരൺ ഷാ, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, ഖമർ ആലം, രൺവിജയ് കുമാർ സിങ് എന്നിവരാണ് ജെ.ഡി.യുവിൽ ചേർന്ന നിയമസഭാ കൗൺസിൽ അംഗങ്ങൾ. പാർട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നിൽ രണ്ട് ഭാഗവും ജെഡിയുവിൽ ചേർന്നതിനാൽ ഇവർക്ക് അയോഗ്യത നിയമം ബാധകമാകില്ല.
75 അംഗ ബിഹാർ നിയമസഭാ കൗൺസിലിൽ 29 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആർജെഡിയിൽ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ജൂലായ് ആറിന് ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

 

Latest News