Sorry, you need to enable JavaScript to visit this website.

ആളെ കൊല്ലാന്‍ റെയില്‍വെ തന്നെ ധാരാളം; നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് രാജ് താക്കറെ

മുംബൈ- മുംബയിലെ എല്‍ഫിന്‍സ്റ്റോണ്‍ സബര്‍ബന്‍ ട്രെയിന്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 മരിച്ച ദുരന്തത്തില്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ച് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. 'ജനങ്ങളെ കൊല്ലാന്‍ ഭീകരരുടെയോ പാക്കിസ്ഥാനെ പോലുള്ള ശത്രുക്കളെയോ നമുക്കാവശ്യമില്ല. ഇന്ത്യന്‍ റെയില്‍ തന്നെ മതിയാകും. റെയില്‍വേ പറയുന്നത് മഴകാരണമാണ് അപകടുമുണ്ടായതെന്നാണ്. ഇത് ആദ്യമായൊന്നുമല്ല മുംബയില്‍ മഴ പെയ്യുന്നത്,' താക്കറെ പറഞ്ഞു. 

 

നിലവിലുള്ള റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിനുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 'ലോക്കല്‍ റെയില്‍വേയുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്താതെ മുംബയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഒരു ഇഷ്ടിക പോലും വയ്ക്കാന്‍ അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു.

 

റെയില്‍വേ സ്റ്റേഷനുകളിലെ മേല്‍പ്പാലങ്ങളിലെ അനധികൃത വഴിവാണിഭക്കാരെ ഒഴിപ്പിക്കാന്‍ സമയ പരിധി തങ്ങള്‍ പറയും. അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ അതു ചെയ്യുമെന്നും അദ്ദേഹം ഭീഷണി സ്വരത്തില്‍ പറഞ്ഞു. 'പരിഹരിക്കപ്പെടേണ്ട മുംബൈ ലോക്കല്‍ ട്രെയിന്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു പട്ടിക ഒക്ടേബര്‍ അഞ്ചിന് റെയില്‍വേയ്ക്കു നല്‍കും. ഇതു പൂര്‍ത്തിയാക്കാന്‍ സമയപരിധിയും നല്‍കും. അതിനുള്ളില്‍ കാര്യങ്ങളൊന്നും ശരിയായില്ലെങ്കില്‍ അപ്പോള്‍ അറിയാം,' അദ്ദേഹം പറഞ്ഞു.  മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഒക്ടോബര്‍ അഞ്ചിന് വെസ്‌റ്റേണ്‍ റെയില്‍വേ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ആ മാര്‍ച്ചില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും താക്കറെ പറഞ്ഞു. 

 

എല്‍ഫിന്‍സ്റ്റോണ്‍ റോഡ് റെയില്‍വേ സ്റ്റേഷനെ പറേല്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ദുരന്തത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യ വികനസത്തോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

Latest News