ജമ്മു- പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം. ഇന്ന് പുലര്‍ച്ചെ 5.30ന് ശ്രീനഗറില്‍ നിന്ന് 43 കി.മീ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫിന്റെ 182 ബറ്റാലിയനും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവേദികളെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലിനിടെ ഒരു സിആര്‍പിഎഫ് ജവാന് വെടിയേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിരാവിലെ നടന്ന ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരങ്ങള്‍ കശ്മീര്‍ പോലിസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.