ഹജ് തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന പണ്ഡിതന്മാരും സമിതികളും

റിയാദ്- തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹജ് സൗദി അറേബ്യയില്‍നിന്നുള്ള കുറച്ചു പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്  സൗദി ഉന്നത പണ്ഡിത സഭ അംഗീകാരം നല്‍കി.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി സര്‍ക്കാരും തിരുഗേഹങ്ങള്‍ക്കും വിശ്വാസികള്‍ക്കും നല്‍കി വരുന്ന സേവനങ്ങളെ മുതിര്‍ന്ന പണ്ഡിത സമിതിയുടെ ജനറല്‍ സെക്രട്ടറിയേറ്റ് പ്രകീര്‍ത്തിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ശരീഅത്തിന് അനുസൃതമായുള്ള ബുദ്ധിപൂര്‍വകമായ തീരുമാനമാണിതെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇമാം ശൈഖ് അഹ് മദ് അല്‍ തയ്യിബ് പറഞ്ഞു. വിശുദ്ധ ഭവനങ്ങളിലെത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷക്കു പുറമെ, ഹജ് തുടരണമെന്നതു കൂടി കണക്കിലെടുത്തുള്ള തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക നിയമത്തില്‍ വ്യക്തി സുരക്ഷ ഏറ്റവും പ്രധാനമാണ്. ലോകത്ത് എല്ലായിടത്തും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഗുരുതരാവസ്ഥയെ കുറിച്ചുള്ള സൗദി നേതൃത്വത്തിന്റെ ബോധം കൂടി പ്രകടമാകുന്നതാണ് തീരുമാനമെന്ന് ശൈഖ് അല്‍ തയ്യിബ് പറഞ്ഞു.

ഈ വര്‍ഷത്തെ ഹജിന് സൗദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതലിനെ മുസ്ലിം വേള്‍ഡ് ലീഗിനു കീഴിലുള്ള പണ്ഡിത സമിതിയും ലോക മസ്ജിദ് പരമോന്നത സമിതിയും പിന്തുണച്ചു. സൗദി സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകത്തെ മുതിര്‍ന്ന പണ്ഡിതന്മാരുമായും മുഫ്തികളുമായും ബന്ധപ്പെട്ടുവെന്ന് വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News