നെടുമ്പാശ്ശേരി - കോവിഡ്-19 മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ 2160 പേർ കൂടി ഇന്ന് 12 വിമാനങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തും. ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് പുറമെ ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു വിമാനം കൂടി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. എട്ട് വിമാനങ്ങളിലായി 1780 പേരാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിൽ എത്തിയത്.
ദോഹ, ഷാർജ, റിയാദ്, ദുബായ്, മാലി എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസികളുമായി വിമാനങ്ങൾ എത്തിയത്. കുവൈത്തിൽ നിന്നും ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്ന കുവൈത്ത് എയർവെയ്‌സ് വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കും 1.30 നും ഉച്ചയ്ക്ക് 12.30 നും ഷാർജയിൽ നിന്നുള്ള പ്രവാസികളുമായി മൂന്ന് എയർ അറേബ്യ വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെത്തും. ഫിലിപ്പൈൻസിലെ സേബു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാവിലെ ഏഴ് മണിക്ക് എത്തിച്ചേരും. മുംബൈ, ചെന്നൈ വിമാനത്താവളങ്ങൾ വഴിയാണ് ഈ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത്. മസ്‌കത്തിൽ നിന്നുള്ള സലാം എയർ വിമാനം ഉച്ചയ്ക്ക് 11.15 നും ദോഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഉച്ചയ്ക്ക് 1.55 നും, ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകീട്ട് 5.40 നുമാണ് എത്തുന്നത്. ദമാമിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാത്രി 9.30 നും, കുവൈത്തിൽ നിന്നും ഗോ എയർ വിമാനം വൈകീട്ട് 6.50 നും, ദുബായിൽ നിന്നും ഫ്‌ളൈ ദുബായ് വിമാനം രാത്രി 10.15 നും എത്തും. ബഹ്‌റൈനിൽ നിന്നും രാത്രി 8.30 നും 11 മണിക്കും ഗൾഫ് എയറിന്റെ ഓരോ വിമാനങ്ങൾ കൂടി കൊച്ചി അന്താരാഷ്ട്രട്ര വിമാനത്താവളത്തിലെത്തും. ആഭ്യന്തര ടെർമിനലിൽ 32 വിമാനങ്ങൾ വീതമാണ് ഇന്നലെ ആഗമന-പുറപ്പെടൽ സർവീസുകൾ നടത്തിയത്.