കൊച്ചി- കൊച്ചി കപ്പല്‍ശാലയിലെ വിമാന വാഹിനി കപ്പലില്‍ നിന്ന് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളെ രണ്ടു ദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്, രാജസ്ഥാന്‍ സ്വദേശി ദയ റാം എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിലവില്‍ സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ അഭിഭാഷകന്‍ അര്‍ജുന്‍ അമ്പലപ്പട്ട കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. ബുധനാഴ്ച ഇവരെ വീണ്ടും എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 2019 സെപ്തംബര്‍ 13നാണ് നിര്‍മാണത്തിലിരുന്ന വിമാന വാഹിനി കപ്പലായ വിക്രാന്തില്‍ മോഷണം നടന്നത്.