ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നലെ ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്‌കൂള്‍ ഉടമയ്ക്ക് ജാമ്യം അനുവദിച്ചു. ശിവ് വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍ ഉടമ ഫൈസല്‍ ഫാറൂഖിനാണ് ജാമ്യം അനുവദിച്ചത്. പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും മുസ്്‌ലിം പുരോഹിതന്മാരുമായും വനിതാ സന്നദ്ധ സംഘടനയായ പിഞ്ച്ര ടോഡ് ഗ്രൂപ്പുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കിയതിനോ ആരോപണവിധേയമായ ബന്ധങ്ങളെക്കുറിച്ചോ തെളിവുകളൊന്നും പോലീസ് നല്‍കിയിട്ടില്ലെന്നും സംഭവസമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു.
രാജധാനി സ്‌കൂളിനു സമീപത്തെ ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിനും രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കും ഒരു ബേക്കറിക്കും തീകൊളുത്താന്‍ പ്രതി നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു ദല്‍ഹി പോലീസിന്റെ ആരോപണം.
കലാപകാരികള്‍ തന്റെ സ്‌കൂള്‍ കെട്ടിടം താവളമായി ഉപയോഗിക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് ഫാറൂഖ് വാദിച്ചത്. സഹായത്തിനായി പോലീസിനെ സമീപിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
കലാപകാരികള്‍ സ്‌കൂളിലെ ഒരു കാവല്‍ക്കാരനെ മൂന്ന് ദിവസത്തോളം ബന്ദിയാക്കിയെന്നും കയറുകള്‍ ഉപയോഗിച്ച് സ്‌കൂളിന്റെ ടെറസില്‍ കയറിയാണ് തൊട്ടടുത്തുള്ള ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് തീയിട്ടതെന്നും ഡിആര്‍പി സ്‌കൂളിലെ കമ്പ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ജനക്കൂട്ടം തകര്‍ത്തിരുന്നുവെന്നും പോലീസ് ആരോപിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, പിഞ്ച്ര ടോഡ് ഗ്രൂപ്പ്, ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഹസ്രത്ത് നിസാമുദ്ദീന്‍ മര്‍കസ്, ദയൂബന്ദ് ദാറുല്‍ ഉലൂമിലെ മതനേതാക്കള്‍ എന്നിവരുമായി പ്രതി ഫൈസല്‍ ഫാറൂഖ് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പോലീസ് ആരോപിച്ചു.
രാജധാനി സ്‌കൂളില്‍ താവളമടിച്ച കലാപകാരികള്‍ ടെറസില്‍ നിന്ന് വെടിയുതിര്‍ക്കുകയും പെട്രോള്‍ ബോംബുകള്‍, ആസിഡ്, ഇഷ്ടികകള്‍, കല്ലുകള്‍, തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ദല്‍ഹി പോലീസ് പറഞ്ഞു. പോലീസ് പറയുന്ന സംഘടനകളുമായും പുരോഹിതന്മാരുമായി ബന്ധപ്പെട്ടതിനും തീവ്രവാദത്തിനു ഫണ്ട് നല്‍കിയതിനും പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവ സമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്നു പോലും തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല.
സാക്ഷികളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഈ കുറവ് നികത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രോസിക്യൂഷന്‍ സാക്ഷിയുടെ അനുബന്ധ പ്രസ്താവന ഫയല്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. കലാപകാരികള്‍ ഉപയോഗിച്ചതായി പറയുന്ന ഇരുമ്പു കവചം സ്‌കൂളിന്റെ ടെറസില്‍നിന്ന് സംഭവം നടന്ന് 16 ദിവസത്തിന് ശേഷം കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നതെന്നും കോടതി വ്യക്തമാക്കി.
സൈഫുല്‍ ഇസ്ലാം ലോ ഫാക്കല്‍റ്റിയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി പ്രതി മൊബൈല്‍ സംഭാഷണം നടത്തിയെന്ന പോലീസ് ആരോപണവും വാസ്തവമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ സ്ത്രീ ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മറ്റു നാലു പേരുമായി ഫൈസല്‍ ഫാറൂഖ് സംഭാഷണം നടത്തിയെന്നും പോലീസ് ആരോപിച്ചിരുന്നു. ഇവരില്‍ ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ അപേക്ഷകന്റെ കസിനും മൂന്നാമത്തെയാള്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പിതാവായ പ്രാദേശിക എം.എല്‍.എ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.