Sorry, you need to enable JavaScript to visit this website.

റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ  രണ്ട് ചാർട്ടേഡ് വിമാനങ്ങൾ നാട്ടിലേക്ക് പറന്നു

റിയാദ് -  മലപ്പുറം ജില്ല കെ.എം. സി. സി കമ്മിറ്റി ചാർട്ടർ ചെയ്ത സൗദി എയർലൈൻസിന്റെ രണ്ട് വിമാനങ്ങൾ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് 508 പേരുമായി ഇന്നലെ നാട്ടിലെത്തി. ആദ്യ വിമാനം പുലർച്ചെ നാലുമണിക്ക് 256 യാത്രക്കാരുമായി കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയും ഇന്ത്യൻ സമയം 11 മണിക്ക് ഇറങ്ങുകയും ചെയ്തു. രാവിലെ 6 മണിക്ക് 252 യാത്രക്കാരുമായി പുറപ്പെട്ട രണ്ടാം വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചക്ക് ഒരുമണിക്കാണ് ഇറങ്ങിയത്. 
ഇരു വിമാനങ്ങളിലുമായി 74 ഗർഭിണികൾ, 145 രോഗികൾ, 126 ജോലി നഷ്ടപ്പെട്ടവർ, 96 സന്ദർശക വിസയിലുള്ളവർ, 38 കുട്ടികൾ അടക്കം 508 യാത്രക്കാരാണ് നാട്ടിലേക്ക് പോയത്. നിയോജക മണ്ഡലം കമ്മിറ്റികൾ വഴി പേരുകൾ രജിസ്റ്റർ ചെയ്താണ് യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയത്. വളരെ അത്യാവശ്യക്കാരായ ആളുകളെ മാത്രമാണ് രണ്ട് വിമാനങ്ങളിലും മലപ്പുറം ജില്ല കമ്മിറ്റി പരിഗണിച്ചത്.  


പ്രവാസി മലയാളികൾക്ക് നാട്ടിലേക്കെത്തുവാൻ കേന്ദ്ര സർക്കാറിന്റെ വന്ദേഭാരത് മിഷൻ വിമാനങ്ങൾ അപര്യപ്തമായ സാഹചര്യത്തിലാണ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി നാട്ടിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ തീരുമാനിച്ചത്. 
വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവ്വീസുകൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ചാർട്ടർ ചെയ്യുന്നുണ്ട്. 25ന് ശേഷം കോവിഡ് ടെസ്റ്റ് വേണമെന്ന നിർദ്ദേശം നൽകിയ കേരള സർക്കാറിന്റെ നിലപാട് പ്രവാസികളുടെ യാത്രയിൽ ആശങ്ക പരത്തുന്നുണ്ടെങ്കിലും ദുരിതമനുഭവിക്കുന്ന ആളുകളെ നാട്ടിലേക്കെത്തിക്കുവാനുള്ള സാധ്യമായ എല്ലാ ശ്രമവും കമ്മിറ്റി തുടരുന്നതാണെന്ന് നേതാക്കൾ അറിയിച്ചു. വിമാനം ചാർട്ട് ചെയ്യുന്നതിന് വേണ്ടി എല്ലാ സഹായ സഹകരണങ്ങളും നൽകിയത് വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അലിഅക്ബറാണ്.


എല്ലാ യാത്രക്കാർക്കും സുരക്ഷയുടെ ഭാഗമായി പി പി ഇ കിറ്റുകൾ വിതരണം ചെയ്തു. ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, കെഎംസിസി സൗദി ദേശീയ കമ്മിറ്റി അംഗങ്ങളായ കെ.കോയാമു ഹാജി, എസ്.വി. അർഷുൽ അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മൊയ്തീൻ കുട്ടി തെന്നല, അഡ്വ.അനീർബാബു പെരിഞ്ചീരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, അഷ്‌റഫ് കൽപകഞ്ചേരി, സത്താർ താമരത്ത്, ഷമീർ പറമ്പത്ത്, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ തവനൂർ, അഷ്‌റഫ് മോയൻ, റഫീഖ് മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
എയർപോർട്ടിൽ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് മജീദ് മണ്ണാർമല, ശിഹാബ് കുട്ടശ്ശേരി, ഫിറോസ് പള്ളിപ്പടി, അഷ്‌റഫ് കോട്ടക്കൽ, നൗഫൽ ചാപ്പപ്പടി, ഷബീറലി ജാസ്, ഷബീർ കളത്തിൽ, സനോജ് കുരിക്കൾ, അർഷദ് തങ്ങൾ, ഇസ്ഹാഖ് താനൂർ, നൗഷാദ് ചക്കാല തുടങ്ങിയവർ സജീവമായിരുന്നു.

 

Latest News