ന്യൂഡല്‍ഹി- ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് മന്ത്രിസഭയുടെ നിയമന സമതിയുടെ ഉത്തരവില്‍ പറയുന്നു. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന ബിജെപിയുടെ നീക്കം വിവാദമായിരിക്കുകയാണ്. അതേസമയം നിയമനത്തെ കുറിച്ച് പത്ര പ്രതികരിച്ചിട്ടില്ല.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എച്ച് പി സി എല്ലിന്റെ 51.11 ശതമാനം ഓഹരികള്‍ സര്‍ക്കാരില്‍ നിന്ന് ഒഎന്‍ജിസി വാങ്ങാനിരിക്കുന്നതിനിടെയാണ് സാംബിത് പത്രയുടെ നിയമനം. ഡോക്ടറാണ് പത്ര.
16 ബിജെപി നേതാക്കളെ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ബിജെപി സര്‍ക്കാര്‍ തിരുകികയറ്റാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്‍ര് ഷാസിയ ഇല്‍മിയെ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലും മറ്റൊരു ബിജെപി നേതാവ് സയ്ദ് സഫര്‍ ഇസ്ലാമിനെ എയര്‍ ഇന്ത്യയിലും നിയമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
കമ്പനികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചട്ടത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമനങ്ങള്‍. എല്ലാ കമ്പനികളിലും 50 ശതമാനം സ്വതന്ത്ര ഡയറക്ടര്‍മാരും ചുരുങ്ങിയത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്നും സെബി ചട്ടമുണ്ട്.