ന്യുഡല്‍ഹി- കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും അക്രമകാരികളായ ജിഹാദികളെ പ്രേത്സാഹിപ്പിക്കുകയാണെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് ആരോപിച്ചു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഈ ദേശ വിരുദ്ധ ശക്തികളെ പിന്താങ്ങുകയാണെന്നും ഭഗാവത് പറഞ്ഞു. ആര്‍ എസ് എസ് രൂപീകരണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ പോലെ നിരവധി മുസ്ലിംകളും ഗോ സംരക്ഷണത്തിനായി ജീവന്‍ ബലിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഗോസംരക്ഷണം ലക്ഷ്യ പ്രാപ്തിയിലെത്തിക്കാന്‍ നിയമങ്ങളെ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും അപകടത്തിലാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതു കൊണ്ടാണ് മ്യാന്‍മറില്‍ നിന്ന് റോഹിങ്ക്യകള്‍ക്ക് കെട്ടുംകെട്ടി പോരേണ്ടി വന്നതെന്നും ഭഗാവത് ആരോപിച്ചു. മനുഷ്യത്വത്തിന്റെ പേരില്‍ റോഹിങ്യകള്‍ക്ക് പരിഗണന നല്‍കുമ്പോള്‍ നാം ഒരിക്കലും നമ്മുടെ മനുഷ്യത്വം ഭീഷണിയിലാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.