ലണ്ടന്‍-ലോകം വലിയ പ്രതീക്ഷയോടെ കാണുന്ന ബ്രിട്ടനിലെ കൊറോണ വാക്‌സിന്‍ ട്രയലില്‍ പങ്കാളിയായി യുകെ മലയാളിയും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡിനെതിരായ പോരാട്ടത്തില്‍ പീറ്റര്‍ബറോയിലെ എബ്രാഹാം കോവേലില്‍ (റെജി) ആണ് പങ്കാളിയായത്. വാക്‌സിന്‍ പരീക്ഷണത്തിനായി അദ്ദേഹം വളണ്ടിയറായി മാറി. പീറ്റര്‍ബറോയിലെ വീട്ടില്‍ നിന്നും 50 മൈല്‍ കാറോടിച്ച് കുടുംബസമേതം കേംബ്രിഡ്ജില്‍ ആഡംബ്രൂക്കിലെ ട്രയല്‍ സെന്ററിലെത്തിയാണ് വാക്‌സിന്‍ ഏറ്റുവാങ്ങിയത്. കേംബ്രിഡ്ജ് ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹണ്ടിംഗ്ടണ്‍ സൈറ്റിലാണ് തിരുവല്ല ഓതറ സ്വദേശിയായ എബ്രഹാം ജോലി ചെയ്യുന്നത്.
മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ നിസഹായമായി നോക്കി നിള്‍ക്കേണ്ടി വരുന്ന ലോകത്തിന് തന്നാലാവുന്ന ഒരു ചെറിയ സഹായമാണ് ചെയ്തതെന്ന് റെജി പറഞ്ഞു. ജോലി ചെയ്യുന്ന എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്നാണ് വാക്‌സിന്‍ ട്രയലുമായി ബന്ധപ്പെട്ട് ഇ മെയില്‍ റെജിയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഓണ്‍ലൈന്‍ ചോദ്യാവലി പൂര്‍ത്തിയാക്കി വാക്‌സിന്‍ ശരീരത്തില്‍ സ്വീകരിക്കുന്നതിന് താത്പര്യം അറിയിച്ച് ട്രയല്‍ സെന്ററിലേയ്ക്കയച്ചു. തന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് റെജിക്ക് ട്രയല്‍ വാക്‌സിന് മുന്നോടിയായുള്ള ബ്‌ളഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇതു സംബന്ധമായ സമ്മതപത്രവും നല്‍കി. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ട്രയലിന് ക്വാളിഫൈ ചെയ്തതായി ക്ലിനിക്കല്‍ ടീം റെജിയെ അറിയിച്ചു.