കോട്ടയം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ജോസ് കെ. മാണി എം.പി. ചർച്ചക്ക് തയാറാണ്. ഇത് വിവാദമാക്കേണ്ട കാര്യമില്ല. കോട്ടയത്തേത് പ്രാദേശികമായ വിഷയമാണ്. യു.ഡി.എഫുമായി ചർച്ച തുടരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവെച്ചതിന് ശേഷം മാത്രം ചർച്ചയെന്ന് പി.ജെ. ജോസഫും വ്യക്ത
മാക്കി. യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് മുന്നണി തന്നെ തീരുമാനിക്കട്ടെ. പ്രസിഡന്റ് പദം രാജിവെച്ചില്ലെങ്കിൽ അവിശ്വാസം മാത്രമല്ല. മറ്റു പോംവഴികൾ ഉണ്ട്. ഒരു ഉപാധിയും അംഗീകരിക്കില്ല. രാജിവയ്ക്കാതെ ചർച്ചയില്ല -ജോസഫ് പറഞ്ഞു.
മുൻ ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ഒഴിഞ്ഞുകൊടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. ഇതിനോട് ജോസ് കെ. മാണി വിഭാഗം വിയോജിക്കുകയും ജോസഫ് വിഭാഗം രൂക്ഷ വിമർശനവുമായി രംഗത്തു വരികയും ചെയ്തു. എങ്കിലും ഇരു വിഭാഗത്തെയും യു.ഡി.എഫിൽ തന്നെ നിലനിർത്താനുള്ള ചർച്ചകൾ മുന്നണി നേതൃത്വം നടത്തിവരികയാണ്.