കോയമ്പത്തൂര്‍- ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താംക്ലാസ്,പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് 11 വയസുകാരിയെ പീഡിപ്പിച്ചത്. പ്രതികളിലൊരാളുടെ വീടിന് മുകളിലെ നിലയില്‍ വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. മാതാവില്ലാത്ത പെണ്‍കുട്ടി പിതാവിനും സഹോദരിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ ജോലിക്ക് പോയ സമയം താഴെ നിലയിലുള്ള വീട്ടുടമയുടെ വീട്ടില്‍ ടിവി കാണാനായി പോകുകയായിരുന്നു.
ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പഠനത്തിനായി മാതാപിതാക്കള്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് ഓടിപ്പോയെങ്കിലും പിന്തുടര്‍ന്നെത്തിയ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടി ഡോക്ടറോടാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അറസ്റ്റിലായ പ്രതികളെ പോലിസ് ജുവൈനല്‍ ഹോമിലേക്ക് അയച്ചു.