മുംബൈ-പുതിയതായി നിര്‍മിച്ച 19 നിലയുള്ള ആഡംബര ഫഌറ്റ് കോവിഡ് ആശുപത്രിയ്ക്കായി വിട്ടുനല്‍കി മുംബൈ സ്വദേശിയായ ഒരു വ്യവസായി. സംസ്ഥാനം കോവിഡിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ് സഹായഹസ്തവുമായി ഈ വ്യവസായി രംഗത്തെത്തിയത്.
ഷീജി ശരണ്‍ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന മെഹുല്‍ സാങ്‌വി എന്നയാളാണ് തന്റെ പുത്തന്‍ കെട്ടിടം കോവിഡ് രോഗികള്‍ക്കായി വിട്ടുനല്‍കിയത്. ഫഌറ്റ് വാങ്ങിയവരുടെ അനുവാദത്തോടെയാണ് താന്‍ കെട്ടിടം കോവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് സാങ്‌വി വ്യക്തമാക്കി.
മുംബൈ മലാഡിലെ എസ് വി റോഡിലാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 130 ഫഌറ്റുകള്‍ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് കോവിഡ് മുംബൈയെ വരിഞ്ഞുമുറുക്കിയത്. 300 കോവിഡ് പോസിറ്റീവ് രോഗികളെ ഫഌറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു ഫഌറ്റില്‍ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ ദിവസം 3874 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.