Sorry, you need to enable JavaScript to visit this website.

ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം

ന്യൂദൽഹി- ചൈനയുടെ ഭാഗത്തുനിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ തിരിച്ചടിക്ക് തടസമാകില്ലെന്നും സേനാമേധാവികളോട് പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

അതിർത്തിയിൽ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതു നേരിടാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി. രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങൾ ചൈനീസ് അതിർത്തിയിൽ കേന്ദ്രീകരിക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ് എന്നിവർ കേന്ദ്ര പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.

അതിർത്തി മേഖലകളിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സേനാ ഡിവിഷനുകൾ അതിർത്തിയിലേക്ക് വരുന്നുണ്ട്.  അതിക്രമിച്ചുകയറിയ പ്രദേശങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗൽവാൻ താഴ്‌വരയുടെ മേൽ ഉയർത്തിയ അവകാശവാദം പിൻവലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.

 

Latest News